എസി ഒന്നര മാസം കഴിഞ്ഞിട്ടും റിപ്പയര്‍ ചെയ്ത് നല്‍കാത്ത സര്‍വീസ് സെന്ററിനു 30,000 രൂപ നഷ്ടപരിഹാരം ചുമത്തി എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. ന്യായമായ സമയത്തിനുള്ളില്‍ റിപ്പയര്‍ ചെയ്ത് നല്‍കാതിരിക്കുന്നത് അധാര്‍മികമായ വ്യാപാര രീതിയും സേവനത്തിലെ ന്യുനതയും ആണെന്ന് കമ്മീഷന്‍ വിലയിരുത്തി.
എതിര്‍കക്ഷി 10,000/- രൂപ എസ്റ്റിമേറ്റ് തുക നിശ്ചയിക്കുകയും അതില്‍ അയ്യായിരം രൂപ അഡ്വാന്‍സായി പരാതിക്കാരന്‍ നല്‍കുകയും ചെയ്തു. പലതവണ ആവശ്യപ്പെട്ടിട്ടും എസി യൂണിറ്റ് റിപ്പയര്‍ ചെയ്തു നല്‍കാന്‍ എതിര്‍കക്ഷി കൂട്ടാക്കിയില്ല. എസി യൂണിറ്റ് തിരിച്ചു നല്‍കണമെന്നും യഥാസമയം റിപ്പയര്‍ ചെയ്ത് നല്‍കാത്ത മൂലം തനിക്കുണ്ടായ മനക്ലേശത്തിനും പരിഹാരമായി അരലക്ഷം രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരന്‍ കമ്മീഷനെ സമീപിച്ചത്.
യഥാസമയം എസി റിപ്പയര്‍ ചെയ്ത് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്നും അത് അധാര്‍മികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് ഡി.ബി.ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.
എസി യൂണിറ്റ് റിപ്പയര്‍ ചെയ്ത് നല്‍കണമെന്നും അത് നല്‍കാന്‍ കഴിയാത്തപക്ഷം അഡ്വാന്‍സായി വാങ്ങിയ 5,000 രൂപ എതിര്‍കക്ഷി പരാതിക്കാരന് തിരിച്ചു നല്‍കണമെന്നും 20,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവ് എന്നിവ 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്നും കമ്മീഷന്‍ എതിര്‍കക്ഷികള്‍ക്ക് ഉത്തരവ് നല്‍കി. പരാതിക്കാരന് വേണ്ടി അഡ്വ.അഗസ്റ്റസ് ബിനു കമ്മീഷന് മുമ്പാകെ ഹാജരായി.