വലിയ പെരുന്നാളിന് കേരളത്തിൽ ലോക്ക്ഡൗൺ ഇളവുകൾ നൽകിയതിനെതിരെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ മനു അഭിഷേക് സിങ്‌വി. ഉത്തർപ്രദേശിൽ കർവാർ യാത്ര തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെതന്നെയാണെന്ന് സിങ്‌വി ട്വീറ്റ് ചെയ്‌തു. കേരളം ഇനിയും രണ്ടാം തരംഗത്തിൽ നിന്നും കരകയറിയിട്ടില്ലെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നാൾ പ്രമാണിച്ച് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ നൽകിയിരിക്കുന്നത്. ട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശങ്ങളിൽ തിങ്കളാഴ്‌ച്ച മാത്രം കട തുറക്കാമെന്നും എ,ബി,സി വിഭാഗങ്ങളിലെ മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന കടകൾക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയ്ക്ക് രാത്രി 8 മണിവരെ തുറക്കാം എന്നിങ്ങനെയാണ് സംസ്ഥാനത്തെ ലോക്ക്ഡൗൺ ഇളവുകൾ.