കനത്ത സുരക്ഷയില്‍ മദനി ഇന്ന് കേരളത്തിലെത്തും
ജാമ്യവ്യവസ്ഥയില്‍ ഇളവ് കിട്ടിയതിനെ തുടര്‍ന്ന് അബ്ദുള്‍ നാസര്‍ മദനി ഇന്ന് കേരളത്തിലെത്തും. ബംഗലൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായ ശേഷം രണ്ടാം തവണയാണ് മദനി നാട്ടിലെത്തുന്നത്. അമ്മയെ വീട്ടിലെത്തി കാണാന്‍ സുപ്രീം കോടതി അനുവാദം നല്‍കിയതോടെ അദ്ദേഹം ഇന്ന് സ്വദേശമായ മൈനാഗപ്പള്ളിയിലെത്തും.
ഉച്ചകഴിഞ്ഞ് 1.30ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന മദനി ജന്മനാടായ മൈനാഗപ്പള്ളിയിലേക്ക് റോഡുമാര്‍ഗമാണ് എത്തുന്നത്. പിന്നീടു മൈനാഗപ്പള്ളിയിലെ താമസസ്ഥലമായ അന്‍വാര്‍ശേരി യത്തീംഖാനയില്‍ എത്തും. അഞ്ചുദിവസവും ഇവിടെ മാതാപിതാക്കളോടൊപ്പം കഴിയും.
സുപ്രീംകോടതി നിര്‍ദേശപ്രകാരം കനത്ത സുരക്ഷാസന്നാഹങ്ങളാണ് ബംഗലൂരു പൊലീസ്‌കമ്മീഷണര്‍ ഒരുക്കിയിരിക്കുന്നത്. കര്‍ണാടക പൊലീസും മദനിയെ അനുഗമിക്കും.5 ദിവസത്തെ ജാമ്യമാണ് മദനിക്ക് ലഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് നേരെ ബംഗലൂരുവിലേക്ക് മടങ്ങും. അറസ്റിനു ശേഷം മഅദനി കോടതിയുടെ അനുവാദത്തോടെ കേരളത്തിലെത്തുന്നത് ഇതു രണ്ടാം തവണയാണ്.