ആം ആദ്‌മി പാര്‍ട്ടി കണ്‍വീനര്‍ സ്ഥാനം സാറ ജോസഫ് രാജിവെച്ചു

ശനി, 2 ജനുവരി 2016 (11:25 IST)
ആം ആദ്‌മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സാറ ജോസഫ് രാജി വെച്ചു. കഴിഞ്ഞ ഒക്‌ടോബറില്‍ സമര്‍പ്പിച്ച രാജി നേതൃത്വം ഇപ്പോഴാണ് സ്വീകരിച്ചത്. കാലാവധി പൂര്‍ത്തിയായതിനു ശേഷം തെരഞ്ഞെടുപ്പിലൂടെ നേതൃത്വം വരണമെന്ന നിലപാടാണ് സാറ ജോസഫിനും ഒപ്പമുള്ളവര്‍ക്കും ഉള്ളത്. ഇതിന്റെ ഭാഗമായിട്ട് ആയിരുന്നു സാറ ജോസഫ് രാജി സമര്‍പ്പിച്ചത്.
 
അടുത്ത തെരഞ്ഞെടുപ്പിൽ  ഇപ്പോഴത്തെ ഭാരവാഹികൾ മത്സരിക്കില്ല എന്നത് നേരത്തെയെടുത്ത തീരുമാനമാണ്. താനും മനോജ് പത്മനാഭനും അതനുസരിച്ച് കഴിഞ്ഞ ഒക്ടോബറിൽ തന്നെ രാജി സമർപ്പിച്ചിരുന്നെന്നും അധികാരം എന്നത് കടിച്ചു തൂങ്ങിയിരിക്കാനുള്ള സ്ഥാനമല്ലെന്നും സാറ ജോസഫ് പറഞ്ഞു.
 
അതേസമയം, പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലല്ല രാജിയെന്ന് സാറ ജോസഫ് പറഞ്ഞു. പല കാര്യങ്ങളിലും താന്‍ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തന്റെ രാജിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും അവര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക