കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിക്ക് ജീവപര്യന്തം കഠിനതടവ് നൽകിയ കോടതി വിധിയിൽ സന്തോമുണ്ടെന്ന് കൊല്ലപ്പെട്ട മണിയൻപിള്ളയുടെ ഭാര്യ ഗീത. കോടതി വിധിയിൽ സന്തോഷമുണ്ടെങ്കിലും തൂക്കുകയർ നൽകുകയായിരുന്നു വേണ്ടിയിരുന്നത്. ആന്റണി ജീവനോടെ പുറത്തിറങ്ങരുതെന്നും ഗീത വ്യക്‌തമാക്കി.
പൊലീസ് ഡ്രൈവർ മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജോയിയെ മാരകമായി പരുക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് ആട് ആന്റണിക്ക് ജീവപര്യന്തം കഠിന തടവ് വിധിച്ചത്. മറ്റ് കേസുകളില്‍ പതിനഞ്ചു വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.
4.45 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴത്തുകയിൽ രണ്ടു ലക്ഷം രൂപ മണിയൻ പിള്ളയുടെ കുടുംബത്തിന് നൽകണം. ശിക്ഷകൾ രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. ആന്റണിക്ക് വധശിക്ഷ വിധിക്കേണ്ടെന്ന് പ്രോസിക്യൂഷൻ തന്നെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
2012 ജൂൺ 26ന് പുലർച്ചെ 12.35ന് പാരിപ്പള്ളി കുളനട ജംഗ്ഷനിൽ പരിശോധനയ്ക്കിടെയാണ് പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവർ മണിയൻപിള്ളയെ ആട് ആന്റണി കൊലപ്പെടുത്തുകയും എഎസ്ഐ ജോയിയെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്‌തത്.