എഎ അസിസ് കവലച്ചട്ടമ്പിയെ പോലെ പെരുമാറുന്നു; ഇരവിപുരത്ത് ആര്‍ എസ് പിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും മുസ്ലിം ലീഗ് പോസ്റ്റര്‍

വ്യാഴം, 3 മാര്‍ച്ച് 2016 (09:32 IST)
നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്തോറും കൊല്ലം ജില്ലയില്‍ മുസ്ലിം ലീഗും ആര്‍ എസ് പിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇരവിപുരം മണ്ഡലത്തെ ചൊല്ലിയാണ് ലീഗിനും ആര്‍ എസ് പിക്കും ഇടയില്‍ അസ്വസ്ഥത പുകയുന്നത്. യു ഡി എഫില്‍ ലീഗിന്റെ മണ്ഡലമാണ് ഇരവിപുരം. എന്നാല്‍, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം ആയിരുന്ന ആര്‍ എസ് പിയുടെ സ്ഥാനാര്‍ത്ഥി എ എ അസിസ് ആയിരുന്നു ഇരവിപുരത്ത് ജയിച്ചത്. എന്നാല്‍, ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടതുപാളയം വിട്ട് യു ഡി എഫിനൊപ്പം ചേര്‍ന്നതോ‍ടെ ഇരവിപുരത്ത് ലീഗിന് തലവേദനയായിരിക്കുകയാണ്.
 
ആര്‍ എസ് പിക്കെതിരെ മുസ്ലിം ലീഗിന്റെ പേരില്‍ ഇരവിപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ആര്‍ എസ് പി നേതാവും  നിലവില്‍ ഇരവിപുരം എം എല്‍ എയുമായ എ എ അസിസ് കവലച്ചട്ടമ്പിയെ പോലെ പെരുമാറരുതെന്നാണ് പോസ്റ്ററിലെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇരവിപുരം സീറ്റ് ലീഗിന് നല്കാതെ ആര്‍ എസ് പിക്ക് നല്കിയാല്‍ തെരഞ്ഞെടുപ്പില്‍ ആര്‍ എസ് പിക്ക് വേണ്ടി പ്രവര്‍ത്തിക്കില്ലെന്നും പോസ്റ്ററില്‍ വ്യക്തമാക്കുന്നു.
 
അതേസമയം, കാലങ്ങളായി നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ എസ് പി മത്സരിക്കുകയും വിജയിക്കുകയും 
ചെയ്യുന്ന സീറ്റാണ് ഇരവിപുരം. 1996ല്‍ ടി പി രാമകൃഷ്‌ണ പിള്ളയെ മുസ്ലിം ലീഗിലെ പി കെ കെ ബാവ തോല്‍പിച്ചതാണ് ഇതിന് ഒരു അപവാദം. തെക്കന്‍ കേരളത്തിലെ 61 മണ്ഡലങ്ങളില്‍ ലിഗ് മത്സരിക്കുന്ന ഒരേയൊരു സീറ്റാണ് ഇരവിപുരം. ഈ സീറ്റു കൂടി വിട്ടു നല്കിയാല്‍ മലബാറില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പാര്‍ട്ടിയായി ലീഗ് മാറുമെന്നതാണ് പ്രവര്‍ത്തകരുടെയും നേതൃത്വത്തിന്റെയും ആശങ്ക.

വെബ്ദുനിയ വായിക്കുക