സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍; ആന്റണിയെ അതൃപ്തി അറിച്ചു
വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (14:18 IST)
ഒരു ഇടവേളയ്‌ക്ക് ശേഷം എ, ഐ ഗ്രൂപ്പുകള്‍ കെപിസിസി പ്രസിഡന്റിനെതിരെ തിരിയുന്നു. പുനഃസംഘടനാ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉറച്ചു നില്‍ക്കുന്ന സാഹചര്യം സംജാതമായതോടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ ഗ്രൂപ്പുകള്‍ അതൃപ്തി അറിയിക്കുകയും ചെയ്‌തു.
കോണ്‍ഗ്രസില്‍ സുധീരന്‍ ഏകപക്ഷീയമായാണു പ്രവര്‍ത്തിക്കുന്നത്. തീരുമാനങ്ങള്‍ ചര്‍ച്ചയ്‌ക്ക് വരുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും പുനഃസംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സുധീരന്‍ താല്‍പ്പര്യം കാണിച്ചില്ലെന്നും എ, ഐ ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്.
ഏകപക്ഷീയമായി കെപിസിസി പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നു, പുതിയ ഭാരവാഹികള്‍ വരുന്നത് തദ്ദേശ തെരഞ്ഞെടുപ്പിലേക്കു പോകുമ്പോള്‍ പുതിയ പ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നില്ല എന്നും ഗ്രൂപ്പുകള്‍ ആരോപിക്കുന്നുണ്ട്. ഇതിനാല്‍ ഡിസിസി പുനഃസംഘടനയ്ക്കു പട്ടിക നല്‍കേണ്ടെന്നും ഗ്രൂപ്പുകള്‍ നിലപാടെടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
അതേസമയം, പുനഃസംഘടന പൂര്‍ത്തിയാക്കിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലേക്കു പോകാന്‍ വലിയ ഊര്‍ജം പാര്‍ട്ടിക്കു ലഭിക്കുമെന്നാണ് സുധീരന്‍ പറയുന്നത്.