50 കോടി രൂപയുടെ കൃഷി നാശം

തിങ്കള്‍, 20 ജൂലൈ 2009 (13:41 IST)
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് 50 കോടിയിലധികം രൂപയുടെ കൃഷി നാശം സംഭവിച്ചെന്ന്‌ മന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ മൂലമുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച്‌ പഠിക്കുന്നതിന്‌ ഉദ്യോഗസ്ഥരുടെ മൂന്നു സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പഠന സംഘത്തിന്‍റെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ കേന്ദ്രസര്‍ക്കാരിനു കൈമാറും. പലയിടത്തും ഉരുള്‍പൊട്ടി കൃഷിഭൂമി തന്നെ നശിച്ചു പോയതിനാല്‍ ഇതു മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സമയമെടുക്കും. കൃഷിഭൂമി നശിക്കാനിടയായത്‌ പ്രത്യേക സാഹചര്യമായി കണ്ടാണ് കേന്ദ്രത്തോട്‌ പ്രത്യേക നഷ്ടപരിഹാരം ആവശ്യപ്പെടുകയെന്നും മന്ത്രി പറഞ്ഞു.

മഴക്കെടുതികള്‍ വിലയിരുത്തന്നതിന് കേന്ദ്ര സംഘത്തെ അയക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിശദമായ റിപ്പോര്‍ട്ട് ആവശ്യമാണെന്ന് നേരത്തെ കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ടിനനുസരിച്ചാണ് ധനസഹായം സംബന്ധിച്ച് കേന്ദ്രം തീരുമാനമെടുക്കുകയെന്നും മുല്ലപ്പള്ളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക