ഇടതുമുന്നണി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് പതിനെട്ടിന് യു.ഡി.എഫ് വഞ്ചനാ ദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ എത്തിക്കുന്നില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് രണ്ട് വര്‍ഷമായെങ്കിലും വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കിയിട്ടില്ല. ഈ രണ്ട് വര്‍ഷക്കാലവും ജനങ്ങളെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. രൂക്ഷമായ വിലക്കയറ്റവും ക്രമസമാധാന തകര്‍ച്ചയും വിലക്കയറ്റവും അഴിമതിയുമാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയത്.
കൂടാതെ കറന്‍്റ് ചാര്‍ജ്, വീട്ടുകരം എന്നിവ വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചിരിക്കുകയാണ്. സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷിക ദിനമായ മെയ് പതിനെട്ടിന് യു.ഡി.എഫ് വഞ്ചനാദിനമായി ആചരിക്കും. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമപദ്ധതികള്‍ എല്‍.ഡി.എഫ് നിര്‍ത്തലാക്കിയെന്നും പുതിയ പദ്ധതികള്‍ ഒന്നും കൊണ്ടുവന്നിട്ടില്ലെന്നും തങ്കച്ചന്‍ കുറ്റപ്പെടുത്തി.
20,000 ഏക്കര്‍ പാടത്തെ കൃഷിയാണ് നശിച്ചത്. ഇക്കാര്യം സര്‍ക്കാര്‍ ഗൌരവമായി എടുത്തിട്ടില്ല. ഇവര്‍ക്ക് പാര്‍ട്ടി സമ്മേളനങ്ങള്‍ കഴിഞ്ഞിട്ട് ഭരിക്കാന്‍ നേരമില്ല. പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് യു.ഡി.എഫ് എതിരല്ല. കഴിഞ്ഞ രണ്ട് മാസമായി പാര്‍ട്ടി സമ്മേളനങ്ങളാണ്. സെക്രട്ടേറിയറ്റ് പ്രവര്‍ത്തിച്ചിട്ട് രണ്ട് മാസമായി.
രണ്ടു വര്‍ഷത്തെ പ്രതിപക്ഷത്തിന്‍റെ പ്രവര്‍ത്തനം തൃപ്തികരമാണ്. എം.പി വീരേന്ദ്രകുമാറും യു.ഡി.എഫും തമ്മില്‍ ഇതുവരെ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരേ പോലെ എതിര്‍ക്കുമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം ബി.ജെ.പിയെ സഹായിക്കാനാണെന്നും തങ്കച്ചന്‍ കുറ്റപ്പെടുത്തി.