15.33 ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചു

വ്യാഴം, 12 ജൂണ്‍ 2008 (10:09 IST)
നമ്മുടെ മരം പദ്ധതിയിലൂടെയും എന്‍റെ മരം പദ്ധതിയിലൂടെയും 15.33 ലക്ഷം വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിച്ചതായി വനം മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.

സ്കൂള്‍, കോളേജ്‌ കാമ്പസുകളില്‍ വൃക്ഷവത്ക്കരണം നടപ്പാക്കുകയാണ് പദ്ധതികളിലൂടെ ലക്‍ഷ്യമിടുന്നത്. നമ്മുടെ മരം പദ്ധതിയില്‍ ജൂണ്‍ 10ന്‌ സംസ്ഥാനത്തെ 2323 ഹയര്‍സെക്കന്‍ഡറി സ്കൂള്‍, കോളേജുകളിലായി 555613 വൃക്ഷത്തൈകളാണ്‌ വിതരണം ചെയ്തത്‌. എന്‍റെ മരം പദ്ധതി തുടര്‍ച്ചയായി 5691 സ്കൂളുകളിലായി 977726 തൈകളും നല്‍കി.

സാമൂഹ്യ വനവത്ക്കരണത്തില്‍ ഇതോടെ രണ്ട്‌ വര്‍ഷങ്ങളിലായി സംസ്ഥാനത്ത്‌ മൊത്തം 50 ലക്ഷത്തിലധികം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. 2007-ലെ ലോക പരിസ്ഥിതി ദിനത്തില്‍ എന്‍റെ മരം പദ്ധതിയില്‍ 25 ലക്ഷം തൈകളും ഹരിത തീരം, വഴിയോര തണല്‍ തുടങ്ങിയ പദ്ധതികളിലായി 11 ലക്ഷം തൈകളും നട്ടുപിടിപ്പിച്ചു.

എന്‍റെ മരം പദ്ധതിയിലെ 80 ശതമാനം തൈകളും പരിപാലിക്കപ്പെടുന്നതായി ശാസ്ത്രീയാടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേകളില്‍ കണ്ടെത്തിയിട്ടുണ്ട്‌. നമ്മുടെ മരം പദ്ധതിയില്‍ ഏറ്റവും കുടുതല്‍ തൈകള്‍ നല്‍കിയത്‌ കൊല്ലം ജില്ലയിലാണ്‌ - 106357, എന്‍റെ മരം പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ തൈകള്‍ വിതരണം ചെയ്തത്‌ മലപ്പുറത്താണ്‌.

ഇവിടെ 518 സ്കൂളുകളിലായി 187178 തൈകള്‍ വിതരണം ചെയ്തു. വൃക്ഷവത്ക്കരണം വ്യാപകമാക്കുന്നതിന്‍റെ ഭാഗമായി വഴിയോരതണല്‍, ഹരിതതീരം പദ്ധതികള്‍ കൂടുതല്‍ സജീവമാക്കുമെന്ന്‌ മന്ത്രി ബിനോയ്‌ വിശ്വം അറിയിച്ചു.

വെബ്ദുനിയ വായിക്കുക