താനൂർ ഓട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്ര ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൻ്റെ ഞെട്ടലിലാണ് നാട്. പെരുന്നാൾ അവധിയോട് അനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബവീട്ടിൽ ഒത്തുചേർന്നതായിരുന്നു ഇവരെല്ലാം. സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്നവരായിരുന്നു കുടുംബവീട്ടിൽ ഒത്തുചേർന്നത്.
കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരത്തേക്ക് പോകാൻ തീരുമാനിച്ചത്. സൈതലവിയായിരുന്നു എല്ലാവരെയും കട്ടാങ്ങലിൽ എത്തിച്ചത്. ഒരു കാരണവശാലും ബോട്ടിൽ കയറരുതെന്ന് പറഞ്ഞിരുന്നു. വീട്ടിൽ തിരിച്ചെത്തി ഭാര്യയ്ക്ക് ഫോൺ ചെയ്തപ്പോൾ നിലവിളിയാണ് കേട്ടത്. സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയെങ്കിലും പ്രിയപ്പെട്ടവരുടെ വേർപാട് നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു.
കുന്നുമ്മൽ ജാബിറിൻ്റെ ഭാര്യ ജൽസിയ,മകഞ്ഞരീർ,കുന്നുമ്മൽ സിറാജിൻ്റെ ഭാര്യ,മക്കളായ നൈറ,റുഷ്ദ,സഹറ,സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന,ഹസ്ന,സഫ്ന എന്നിവരാണ് മരിച്ചത്. പത്ത് മാസം മാത്രം പ്രായമുള്ള സിറാജിൻ്റെ കുഞ്ഞും മരിച്ചു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു പരപ്പനങ്ങാടി- താനൂർ നഗരസഭാ അതിർത്തിയിലെ പുരപ്പുഴയിൽ ഒട്ടുംപുറം തൂവൽ തീരത്തിന് സമീപമാണ് അപകടമുണ്ടായത്. 7 കുട്ടികളടക്കം 22 പേരാണ് അപകടത്തിൽ മരിച്ചത്. പുഴയുടെ മധ്യഭാഗത്തെത്തിയപ്പോൾ ബോട്ട് കീഴ്മേൽ മറിയുകയായിരുന്നു.