കണ്ണൂരില്‍ 11 മാസം പ്രായമായ കുട്ടി പാരാസെയിലിംഗില്‍ പങ്കെടുപ്പിച്ചത് വിവാദമായി. സാഹസിക കായിക പരിശീലന സംഘടന സംഘടിപ്പിച്ച പാരാസെയിലിംഗ് ചാംപ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യിക്കാനെന്ന പേരില്‍ കുഞ്ഞിനെ 600 അടി മുകളില്‍ ആകാശത്തേക്കു പറത്തുകയായിരുന്നു. മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു 'സാഹസികമായ ക്രൂരത'.
പാരഗ്ലൈഡര്‍മാരാണു കുട്ടിയുടെ മാതാപിതാക്കള്‍. കണ്ണൂര്‍ മുഴുപ്പിലങ്ങാടി ബീച്ചില്‍ പാരാസെയിലിംഗ് ചാംപ്യന്‍ഷിപ്പ് കാണാനെത്തിയ ദമ്പതികള്‍ കുഞ്ഞിനെ പറത്താന്‍ അനുവദിക്കുകയായിരുന്നു. കോഴിക്കോടുള്ള മാസ എന്ന സംഘടനയാണു പരിപാടി സംഘടിപ്പിച്ചത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണു തങ്ങള്‍ നിയാം നിസാമെന്ന കുട്ടിയെ പറത്തിയതെന്നാണു സംഘടന പറയുന്നത്. അമ്മയുടെ കൈയില്‍നിന്ന് 600 അടിയോളം ഉയരത്തിലേക്കു കുഞ്ഞിനെ പറത്താനൊരുങ്ങുമ്പോള്‍ത്തന്നെ കുട്ടി പേടിച്ചു കരയുന്നുണ്ടായിരുന്നു. ആകാശയാത്ര കഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കുട്ടി പേടിയും പരിഭ്രമവുംകൊണ്ടു വിറച്ചിരുന്നു.
പാരാസെയിലറില്‍ കുഞ്ഞിനെ ബന്ധിച്ച് 600 അടി ഉയരത്തില്‍ പറക്കുകയായിരുന്നു. കുഞ്ഞിനെ തനിച്ച് സെയിലറില്‍ ബന്ധിപ്പിച്ച് പറപ്പിച്ച മാതാപിതാക്കളുടെ നടപടിക്കെതിരേ ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കണ്ണൂര്‍ എസ്‌പി ഉണ്ണിരാജയുടെ സാന്നിധ്യത്തില്‍ മുഴുപ്പിലങ്ങാടിയിലായിരുന്നു പറക്കല്‍. നടന്‍ വിനീത് കുമാറും സന്നിഹിതനായിരുന്നു.