1000 കോടിയുടെ ലോണ്‍ എടുത്തുമുങ്ങിയ സ്വര്‍ണവ്യാപാരി ദുബായില്‍ അറസ്റ്റില്‍?

തിങ്കള്‍, 31 ഓഗസ്റ്റ് 2015 (11:32 IST)
1000 കോടി രൂപയുടെ ലോണുകള്‍ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത ശേഷം മുങ്ങിയ മലയാളിയായ പ്രമുഖ സ്വര്‍ണവ്യാപാരി ദുബായില്‍ പൊലീസ് കസ്റ്റഡിയിലെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 23ന് സ്വര്‍ണവ്യാപാരിയെയും മക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് വിവരം. ഇവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുകയാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
സ്വര്‍ണവ്യാപാരിയും മക്കളും അറസ്റ്റിലായ വിവരം ദുബായ് പൊലീസ് അതീവ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പ്രമുഖ മാധ്യമങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തി. ബാങ്കുകളുടെയും ഇടപാടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് ദുബായ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
 
‘ജനകോടികളുടെ വിശ്വസ്ത സ്ഥാപന’മെന്ന പ്രശസ്തമായ പരസ്യവാചകത്തിലൂടെ സ്വര്‍ണവ്യാപാരരംഗം അടക്കിവാണ ഈ സ്ഥാപനം കഴിഞ്ഞ കുറച്ചുനാളായി വലിയ പ്രതിസന്ധിയെ നേരിടുകയായിരുന്നു. വിവിധ ബാങ്കുകളില്‍ നിന്ന് 1000 കോടിയില്‍ കൂടുതല്‍ രൂപ വായ്പയെടുത്ത ശേഷം സ്വര്‍ണവ്യാപാരി മുങ്ങി എന്നായിരുന്നു ദിവസങ്ങള്‍ക്കുമുമ്പ് വാര്‍ത്ത വന്നത്. സ്വര്‍ണവ്യാപാരി കാനഡയിലേക്ക് കടന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
 
15 ബാങ്കുകളില്‍ നിന്നാണ് സ്വര്‍ണവ്യാപാരി ലോണുകള്‍ എടുത്തിട്ടുള്ളത്. എന്നാല്‍ ഏറെനാളായി തിരിച്ചടവില്ലാതെ വന്നപ്പോള്‍ ബാങ്കുകള്‍ നടപടിക്ക് മുതിരുകയായിരുന്നു.

വെബ്ദുനിയ വായിക്കുക