‘വികസനം അറിയാന്‍ വടക്കോട്ട് നോക്കണം‘

ഞായര്‍, 10 ഏപ്രില്‍ 2011 (15:26 IST)
PRO
PRO
ഇടതുപക്ഷം വടക്കോട്ട് നോക്കിയാല്‍ വികസനം നടക്കുന്നുണ്ടോ എന്ന് അറിയാമെന്ന് കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. സുനാമി പുനരധിവാസ പദ്ധതിക്കായി കേന്ദ്രം അനുവദിച്ച 1,440 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന് ആന്റണി ചോദിച്ചു. ഇത് എങ്ങനെ ചെലവഴിച്ചു എന്നതിനെക്കുറിച്ച് യാതൊരു കണക്കുമില്ലെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.

വികസനത്തിനായി കേന്ദ്രം നല്‍കിയ പണം ചെലവഴിക്കുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അനാസ്ഥ കാണിച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എതിരാളികളെ പരിഹസിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നയമാണ് എല്‍ ഡി എഫിന്റെതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വികസനവുമായി വരുന്ന എല്‍ ഡി എഫിന്റെ ഇരട്ടമുഖം ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

കുടിവെള്ളം, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവയ്ക്കായി കേന്ദ്രം അനുവദിച്ച പണം കേരളം പാഴാക്കുകയായിരുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഫണ്ട ആയിരുന്നു അത്. കയര്‍, കൈത്തറി, കശുവണ്ടി മേഖലയിലെ തൊഴിലാളികളുടെ മക്കള്‍ തൊഴിലില്ലായ്മ മൂലം വലയുകയാണ്.

ഭക്ഷ്യസുരക്ഷാനയം ഏതാനും മാസങ്ങള്‍ക്കകം നിലവില്‍വരുമെന്ന് ആന്റണി പറഞ്ഞു. ഇതുവഴി ഏറ്റവും കുറഞ്ഞ നിരക്കില്‍ 35 കിലോ അരിയും ഗോതമ്പും നല്‍കാന്‍ സാധിക്കും. കേന്ദ്രത്തിന്റെ തൊഴിലുറപ്പ് പദ്ധതി പട്ടിണി മരണങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിച്ചു. വികസനഅജണ്ട ചര്‍ച്ച ചെയ്യാന്‍ എല്‍ ഡി എഫ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക