‘ഡാഡി കൂളി’ലേക്ക് മാക്‌ട മാര്‍ച്ച്

ഞായര്‍, 19 ഏപ്രില്‍ 2009 (13:45 IST)
ആലപ്പുഴ തണ്ണീര്‍മുക്കത്ത് മമ്മൂട്ടി അഭിനയിക്കുന്ന ചിത്രമായ ‘ഡാഡി കൂളി’ന്‍റെ ചിത്രീകരണ സ്ഥലത്തേക്ക് മാക്‌ട - എ ഐ ടി യു സി പ്രവര്‍ത്തകര്‍ സംയുക്ത മാര്‍ച്ച് നടത്തി. മാര്‍ച്ച് പൊലീസ് തടഞ്ഞു.

പൊലീസും മാര്‍ച്ച് നടത്തിയവരുമായി ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥയുണ്ട്. മാക്‌ടയ്ക്കെതിരെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രീകരണം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും, മമ്മൂട്ടിക്ക് അനുകൂലമായും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്.

ചിത്രീകരണ സ്ഥലത്ത് കനത്ത പൊലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. സി പി എം പ്രവര്‍ത്തകര്‍ കൂടി നില്‍ക്കുന്നുണ്ട്. സിനിമാ രംഗത്ത്‌, നടന്‍മാരായ മമ്മൂട്ടിയുടെയും ദിലീപിന്‍റെയും നേതൃത്വത്തില്‍ തൊഴില്‍ നിഷേധവും ഗൂഢാലോചനയും നടക്കുകയാണെന്ന്‌ ആരോപിച്ച് മാക്ട ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ഇന്നലെ ദിലീപ് ചിത്രമായ ബോഡി ഗാര്‍ഡിന്‍റെ ചിത്രീകരണം നടക്കുന്ന ഒറ്റപ്പാലം വരിക്കാശേരി മനയിലേയ്ക്ക് മാര്‍ച്ച് നടത്തിയിരുന്നു.

ബോഡി ഗാര്‍ഡിന്‍റെ ലൊക്കേഷനില്‍ മാര്‍ച്ചു നടത്തിയ മാക്ട പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കിയിരുന്നു. മാക്ടയുടെ ‘മുഖ്യശത്രു’വായ സിദ്ദിഖാണ് ബോഡി ഗാര്‍ഡ് സംവിധാനം ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക