കോണ്‍ഗ്രസില്‍ പുതിയ സമവാക്യങ്ങള്‍ തീര്‍ത്ത് വാക്‌പ്പോര് രൂക്ഷം. വി എം സുധീരനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ഷാനിമോള്‍ ഉസ്മാനെതിരേ ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂര്‍ രംഗത്ത്. കത്ത് ചോര്‍ത്തിയത് ഷാനിമോള്‍ ഉസ്മാനാണ്. ഷാനിമോള്‍ ഉസ്മാന് പിന്നില്‍ മദ്യലോബിയാണെന്നും എ എ ഷുക്കൂര്‍ ആരോപിച്ചു. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരേ ഷാനിമോള്‍ ഉസ്മാന്‍ ഉന്നയിച്ച ആരോപണം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനിടെയാണ് ഷുക്കൂറിന്റെ പ്രതികരണം. ഇതോടെ കോണ്‍ഗ്രസില്‍ തുറന്ന പോരിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ബാര്‍ ലൈസന്‍സ് വിഷയത്തില്‍ കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ സുധീരനെതിരേ രംഗത്തെത്തിയിരുന്നു. കെ സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ച ഷാനിമോള്‍ ഉസ്മാനെ പരസ്യമായി ശാസിച്ചുകൊണ്ട് വി എം സുധീരന്‍ രംഗത്തെത്തിയതോടെ കോണ്‍ഗ്രസില്‍ പുതിയ പ്രതിസന്ധി രൂപംകൊണ്ടത്.
പാര്‍ട്ടിയേയും സര്‍ക്കാരിനെയും പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് സുധീരനെന്ന് ആരോപിച്ച ഷാനിമോള്‍ അപ്രിയ സത്യങ്ങള്‍ പറയുമ്പോള്‍ അച്ചടക്കത്തിന്റെ വാളോങ്ങുന്നത് ശരിയല്ലെന്നും വെളിപ്പെടുത്തി. ഇതോടെ കെ സി വേണുഗോപാലിനെതിരെയുള്ള ആരോപണം വഴിമാറി വി എം സുധീരന്‍- ഷാനിമോള്‍ ഉസ്മാന്‍ വാക്‌പോരായി മാറി. ഷാനിമോള്‍ ഉസ്മാന്റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണെന്നും വസ്തുതകള്‍ വളച്ചൊടിക്കുകയാണെന്നും ആരോപിച്ച് വിഎം സുധീരന്‍ രംഗത്തെത്തി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതു മുതല്‍ അവര്‍ തന്നെ വിമര്‍ശിക്കുകയാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഷാനിമോള്‍ ഉസ്മാന്‍ മദ്യലോബിയുടെ ആളാണോയെന്ന് സംശയമുണ്ടെന്നും സുധീരന്‍ ആരോപിച്ചിരുന്നു.
അതേസമയം മദ്യലോബിയുമായി ബന്ധമുണ്ടെന്ന ആരോപണം സുധീരന്‍ തെളിയിക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടു. തന്റെ കുടുംബത്തെ ബുദ്ധിമുട്ടിക്കുന്ന പ്രസ്താവനയാണ് സുധീരന്റേതെന്നും ഷാനിമോള്‍ പറഞ്ഞു. പിന്നാലെ അതേ ആരോപണം ഉന്നയിച്ചുകൊണ്ടാണ് എ എ ഷുക്കൂര്‍ രംഗത്തെത്തിയത്.