‘എനിക്ക് പറയാനുള്ളത് കോടതി കേട്ടില്ല’

വെള്ളി, 28 മാര്‍ച്ച് 2014 (18:40 IST)
PRO
PRO
മുന്‍ ഗണ്‍‌മാന്‍ സലിം‌രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ തനിക്ക് പറയാനുള്ളത് കോടതി കേട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സാധാരണ പൌരനു പോലുമുള്ള അവകാശം തനിക്ക് ലഭിച്ചില്ല. സലിം‌രാജ് വിഷയം കുടുംബക്കാര്‍ തമ്മിലുള്ള പ്രശ്നമാണ്. അല്ലെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അന്വേഷിക്കാവുന്നതാണ്. തനിക്ക് പറയാനുള്ളത് കേള്‍ക്കാതെയാണ് കോടതി രൂക്ഷവിമര്‍ശനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോടതിക്കെതിരേ പരാതി പറയാനില്ല. എന്നാല്‍ കേസില്‍ അപ്പീല്‍ നല്‍കുമോ എന്ന ചോദ്യത്തില്‍നിന്ന് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞുമാറി.

മുന്‍ ഗണ്‍‌മാന്‍ സലിം‌രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസില്‍ ഹൈക്കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബി‌ഐ അന്വേഷത്തിന് സര്‍ക്കാ‍രിന് തടസമില്ലെന്ന് നേരത്തെ തന്നെ കോടതിയെ അറിയിച്ചിട്ടുണ്ട്. അത് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏത് കക്ഷികള്‍ സിബി‌ഐ അന്വേഷണം ആവശ്യപ്പെട്ടപ്പോഴും സര്‍ക്കാര്‍ ആ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഇത് തന്നെയാണ് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിലും സ്വീകരിക്കുന്നത്. ഗവണ്‍‌മെന്റ് പ്രോസിക്യൂട്ടര്‍മാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സേവനം ആവശ്യപ്പെടുമ്പോഴാണ് അവരെ നിയമിക്കാറുള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഗവണ്മെന്റിന് ഒന്നും മറച്ചു വയ്ക്കാനില്ല. എല്ലാം സുതാര്യമാണ്. ഏത് അന്വേഷണത്തിന് തയാറാണ്. സോളാര്‍ കേസിലും ഈ സമീപനം തന്നെയാണ് കൈക്കൊണ്ടത്. ഈ സംഭവത്തില്‍ ഒരു രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായിട്ടില്ല. ഒരു സഹായമോ ഉണ്ടായിട്ടില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും ചൂണ്ടിക്കാട്ടാമെന്നും അദ്ദേഹം പറഞ്ഞു.

യുഡി‌എഫ് തികഞ്ഞ് ആത്മവിശ്വാസത്തിലാണ്. സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ തന്നെ പ്രതീക്ഷയുണ്ട്. പ്രയോജനകരമായ മുന്നേറ്റമുണ്ടാകുന്നത് അവസാനഘട്ടത്തിലാണ്. രാഹുലും സോണിയയും മന്‍മോഹന്‍ സിംഗും ആന്റണിയുമെല്ലാം വരും ദിവസങ്ങളില്‍ പ്രചരണത്തിന് കേരളത്തിലെത്തും. കേരളത്തിലെ സര്‍ക്കാരിനെ വിലയിരുത്തുന്ന തെരഞ്ഞെടുപ്പാകും ഇതെന്ന് പറഞ്ഞപ്പോള്‍ അതിനെ നിരസിക്കുന്ന സമീപനമാണ് പിണറായി വിജയന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

വെബ്ദുനിയ വായിക്കുക