‘എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് മതിയായ യോഗ്യതയില്ല’; റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി

ബുധന്‍, 9 ഒക്‌ടോബര്‍ 2013 (15:30 IST)
PRO
PRO
എം ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ വി ജോര്‍ജ്ജിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗവര്‍ണര്‍ നിഖില്‍ കുമാറിനു കൈമാറി. വിസിക്കെതിരായ ആരോപണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ക്കു കൈമാറിയത്. ഇതോടെ വി സിക്കെതിരേ നടപടി ഉറപ്പായി. എംജി സര്‍വകലാശാല വൈസ് ചാന്‍സലറായി എ വി ജോര്‍ജ്ജിനെ നിയമിച്ചതു സംബന്ധിച്ച് വ്യാപക പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് ഗവര്‍ണ്ണര്‍ നിഖില്‍കുമാറിന്റെ നിര്‍ദ്ദേശപ്രകാരമുള്ള സര്‍ക്കാര്‍ നടപടി. എ വി ജോര്‍ജിന്റെ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണറും എതിര്‍കക്ഷിയാണ്. ഈ കേസിനാധാരമായ വിവരങ്ങള്‍ അറിയിക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു.

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ വിഷയം വിശദമായി അന്വേഷിക്കുകയും രണ്ടാഴ്ച മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഇത്രയും ദിവസം റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിടിച്ചുവെച്ചു. എന്നാല്‍, രാജ്ഭവനില്‍ നിന്ന് ചോദ്യം വന്നതിനെത്തുടര്‍ന്ന് ഇന്ന് റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറി. നിശ്ചിത യോഗ്യതയില്ലാത്ത എ വി ജോര്‍ജ് വ്യാജ ജീവചരിത്രക്കുറിപ്പ് സമര്‍പ്പിച്ചാണ് വൈസ് ചാന്‍സലറായി നിയമനം നേടിയത് എന്ന കാര്യം ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ എന്‍വയോണ്‍മെന്റ് സയന്‍സ് മേധാവിയെന്ന പേരിലാണ് ജോര്‍ജിനെ സെര്‍ച്ച് കമ്മിറ്റി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ മൂന്നര മാസക്കാലം മാത്രമാണ് ജോര്‍ജ്ജ് ഡെപ്യൂട്ടേഷനില്‍ കാസര്‍കോട് കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവര്‍ത്തിച്ചത്. വൈസ് ചാന്‍സലര്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ അദ്ദേഹം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ആയിരുന്നുവെന്നും ഭരത് ഭൂഷണ്‍ റിപ്പോര്‍ട്ട് നല്‍കി.

കൂടുതല്‍ യോഗ്യതയുള്ള രണ്ടു പേരെ മറികടന്നായിരുന്നു ജോര്‍ജിന്റെ നിയമനം. എംജി വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട പേരുകളില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് കേരള സര്‍വ്വകലാശാലയിലെ യുജിസി എമരിറ്റസ് ഫെലോ പ്രൊഫ ജി ഗോപകുമാറും രണ്ടാം സ്ഥാനത്ത് ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിയോസ്‌പേഷ്യല്‍ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ പ്രൊഫ വി പ്രസന്നകുമാറും ആയിരുന്നു.

ജോര്‍ജ്ജിന്റെ തിരഞ്ഞെടുപ്പില്‍ യുജിസി പ്രതിനിധിയായ കാണ്‍പുര്‍ ഐഐടി ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് ചെയര്‍മാന്‍ പ്രൊഫ എം അനന്തകൃഷ്ണന്‍ എതിരഭിപ്രായം രേഖപ്പെടുത്തിയെന്നും ഭരത് ഭൂഷണ്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഗവര്‍ണ്ണര്‍ക്കു കൈമാറിയിട്ടുള്ളത്. വിസിയെന്ന നിലയില്‍ എ വി ജോര്‍ജ്ജ് സ്വീകരിച്ച പല നടപടികളും സര്‍ക്കാരിന്റെ എതിര്‍പ്പിനു കാരണമായിരുന്നു. പുതിയ പഠനകേന്ദ്രങ്ങള്‍, തസ്തികകള്‍, വിസിയുടെ ശമ്പളം എന്നിവയെല്ലാം തര്‍ക്കവിഷയമായി. അതിന്റെ തുടര്‍ച്ചയായാണ് തങ്ങള്‍ നിയമിച്ച വിസിയെ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ കൈവിട്ടിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക