‘ഉടുക്കുന്ന വസ്ത്രം രാവിലെ പത്തുമണി കഴിഞ്ഞാല്‍ അലക്കി ഉണങ്ങാനിടുന്ന രീതിയായിരുന്നു അന്ന്’ - ജയിലോര്‍മകള്‍ പങ്കുവെച്ച് പിണറായി വിജയന്‍

ശനി, 19 ഓഗസ്റ്റ് 2017 (10:08 IST)
അടിയന്തിരാവസ്ഥയുടെ സമയത്ത് തന്നേയും കൂട്ടാളികളേയും മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥനെ പിന്നീടൊരിക്കല്‍ കണ്ടുവെന്ന് അന്ന് അദ്ദേഹത്തോട് സംസാരിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സെന്‍‌ട്രെല്‍ ജയിലില്‍ വെച്ചാണ് അദ്ദേഹത്തെ കാണുന്നതെന്നും മുഖ്യന്‍ മലയാള മനോരമയുടെ ഓണപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
 
അടിയന്തിരാവസ്ഥ കാലത്ത് മര്‍ദ്ദിച്ച പൊലീസുകാരില്‍ ആരെയെങ്കിലും പിന്നീട് കണ്ടിട്ടുണ്ടോയെന്നും സംസാരിച്ചിട്ടുണ്ടോയെന്നും സഹായം തേടി എത്തിയിട്ടുണ്ടോയെന്നും അവതാരകന്‍ ചോദിച്ചപ്പോള്‍ പിണറായി വിജയന്റെ മറുപടി ഇങ്ങനെയായിരുന്നു ‘  സഹായം തേടിയെത്തിയിട്ടില്ല. കണ്ടിട്ടുണ്ട്. അന്ന് മര്‍ദ്ദനത്തിന് പിന്നിലുണ്ടായിരുന്ന പില്‍ക്കാലത്തെ ഡിജിപി ജോസഫ് തോമസിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് കണ്ടിരുന്നു’. - പിണറായി വിജയന്‍ പറയുന്നു.
 
‘ഉടുക്കുന്ന വസ്ത്രം രാവിലെ പത്തുമണി കഴിഞ്ഞാല്‍ അലക്കി ഉണങ്ങാനിടുന്നതായിരുന്നു ജയിലില്‍ എന്റെ രീതി. അങ്ങനെയൊരു ദിവസം തുണിയുളള ബക്കറ്റുമായി നടന്നുവരുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. പ്ലാസ്റ്ററിട്ട കാലൊക്കെ അപ്പോഴേക്കും ശരിയായിരുന്നു. ഞാന്‍ വിളിച്ചു, ‘മിസ്റ്റര്‍, തോമസ് കാല് ശരിയായി കേട്ടോ’, എന്നുപറഞ്ഞ് ഞാനെന്റെ കാല് ഉയര്‍ത്തിക്കാണിച്ചു. ‘ഇതൊക്കെ ഞങ്ങളുടെ ജീവിതത്തില്‍ പറഞ്ഞിട്ടുളളതാണ്’. ഞങ്ങള്‍ ഇനിയും ഇറങ്ങുമെന്നൊക്കെ അയാളോട് ഞാന്‍ പറഞ്ഞു. ‘മിസ്റ്റര്‍ വിജയന്‍‍, ഞാന്‍ അങ്ങനെ ഉദ്ദേശിച്ചില്ല’, എന്നൊക്കെ അദ്ദേഹം മറുപടിയായി പറഞ്ഞു. കൂടുതല്‍ വിശദീകരണമൊന്നും വേണ്ടെന്ന് ഞാനും തിരിച്ചടിച്ചു. ഇത്രയും പറഞ്ഞത് വളരെ നന്നായിയെന്ന് കൂടെയുണ്ടായിരുന്നവര്‍ ഒക്കെ പറഞ്ഞു. പിന്നീട് ജോസഫ് തോമസിനെ കാണേണ്ടി വന്നിട്ടില്ല.‘ - മുഖ്യമന്ത്രി പറയുന്നു.
 
(ഉള്ളടക്കത്തിന് കടപ്പാട്: മലയാള മനോരമ)

വെബ്ദുനിയ വായിക്കുക