‘ഇരട്ടച്ചങ്കുള്ള കമ്യൂണിസ്റ്റ്’ കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷം

ശനി, 4 മെയ് 2013 (10:26 IST)
PRO
PRO
ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം. ടിപിയുടെ രക്തസാക്ഷിദിനത്തില്‍ വിപുലമായ ചടങ്ങുകളാണ് ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകള്‍ ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷയാണ് ഒഞ്ചിയത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദേശീയ ശ്രദ്ധയാകര്‍ഷിച്ച സംഭവമായിരുന്നു ടിപി വധം. 2012 മെയ് നാലിന് രാത്രി പത്തരയോടെയാണ് കേരളത്തെ നടുക്കിയ കൊലപാതകം സംഭവിച്ചത്. മാറാട്ടെ പ്രത്യേക കോടതിയില്‍ കേസിന്റെ വിചാരണ പുരോഗമിക്കുകയാണിപ്പോള്‍. വിചാരണാവേളയിലെ കൂറുമാറിയ സാക്ഷികളുടെ എണ്ണം കൊണ്ടും ഈ കേസ് വ്യത്യസ്തമായി. അന്‍പതോളം സാക്ഷികളാണ് കേസില്‍ ഇതുവരെ കൂറുമാറിയിരിക്കുന്നത്.

കൊലയാളികള്‍ അതിക്രൂരമായാണ് ടിപിയെ വകവരുത്തിയത്. ഒഞ്ചിയം വള്ളിക്കാട് വച്ച്, വടിവാളും മഴുവും ഉള്‍പ്പടെയുള്ള ആയുധങ്ങളുമായി ചന്ദ്രശേഖരന്‍റെ മുഖത്തും തലയിലും 51 വെട്ടുകളാണ് അക്രമികള്‍ ഏല്‍പ്പിച്ചത്. ടിപി വെട്ടേറ്റ് വീണപ്പോള്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടത് പ്രതിയോഗികളെ വകവരുത്തുന്ന സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയമായിരുന്നു. സിപി‌എമ്മിന്റെ പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും പ്രതികളായി, സംസ്ഥാന നേതൃത്വം ആരോപണവിധേയരായി.

‘ഇരട്ടച്ചങ്കുള്ള കമ്യൂണിസ്റ്റ്’ എന്നാണ് ടിപി ചന്ദ്രശേഖരനെക്കുറിച്ച് എതിരാളികള്‍ പോലും വിശേഷിപ്പിച്ചിരുന്നത്. ഏത് അര്‍ദ്ധരാത്രിയിലും ആര്‍ക്കുവേണ്ടിയും സഹായം ചെയ്യാന്‍ സ്വന്തം ബൈക്കില്‍ ചന്ദ്രശേഖരന്‍ എത്തുമായിരുന്നു. അക്രമികളുടെ കൊലക്കത്തിക്കുമുന്നിലേക്കും ഇതേ രീതിയില്‍ തന്നെയാണ് അന്നൊരു വെള്ളിയാഴ്ച രാത്രി അദ്ദേഹം ചെന്നുകയറിയത്. ബൈക്ക് ഓടിച്ചുവരികയായിരുന്ന ടിപി ചന്ദ്രശേഖരനെ വള്ളിക്കാടിന് സമീപം വച്ച് അക്രമികള്‍ കൊലപ്പെടുത്തുകയായിരുന്നു. മാസങ്ങളോളം നീണ്ടുനിന്ന ആസൂത്രണത്തിനൊടുവിലായിരുന്നു ടി പി വധം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സിപിഎം വിട്ടപ്പോള്‍ ടിപി ചന്ദ്രശേഖരന്‍ പറഞ്ഞത് ‘ഞാന്‍ ജനിച്ചത് കമ്യൂണിസ്റ്റുകാരനായാണ്. മരിക്കുന്നതും കമ്യൂണിസ്റ്റായിട്ടായിരിക്കും’ എന്നാണ്. സിപിഎം വിട്ടപ്പോള്‍ മറ്റ് പാര്‍ട്ടികള്‍ ചന്ദ്രശേഖരനെ സമീപിച്ചിരുന്നു എങ്കിലും കമ്യൂണിസ്റ്റുകാരനായി തുടരാന്‍ തന്നെയായിരുന്നു അദ്ദേഹം തീരുമാനിച്ചത്. ടിപിയുടെ ഓര്‍മ്മകള്‍ക്ക് ഒരു വയസ്സ് തികയുമ്പോള്‍ അദ്ദേഹം പകര്‍ന്നുനല്‍കിയ ഊര്‍ജ്ജം ആര്‍എംപി പ്രവര്‍ത്തകര്‍ നഷ്ടപ്പെടുത്തിയിട്ടില്ല. ടിപി തുടങ്ങിവെച്ച ബദല്‍ രാഷ്ട്രീയം ഒഞ്ചിയത്തിന്റെ മണ്ണിലും അതിന് പുറത്തും കൂടുതല്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് അവര്‍. അതോടൊപ്പം തന്നെ ടിവി വധക്കേസിലെ അന്തിമ വിധിയെയും ഏവരും ഉറ്റുനോക്കുന്നു.

വെബ്ദുനിയ വായിക്കുക