‘ആരും എന്നെ പേടിക്കേണ്ട’ - മുരളീധരന്‍

ചൊവ്വ, 5 ജനുവരി 2010 (12:44 IST)
PRO
PRO
കോണ്‍‌ഗ്രസിലേക്ക് മടങ്ങിവരാന്‍ തയ്യാറെടുക്കുന്ന തന്നെ ആരും പേടിക്കേണ്ടെന്ന് കെ മുരളീധരന്‍. കോണ്‍ഗ്രസില്‍ ഇപ്പോഴും ചില ആത്മവിശ്വാസമില്ലാത്ത നേതാക്കള്‍ ഉണ്ടെന്നും അവരാണ് തന്റെ മടങ്ങിവരവിന് തുരങ്കം വയ്ക്കുന്നതെന്നും കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു. മഅദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിക്കാന്‍ പോയതിന് ഉമ്മന്‍‌ചാണ്ടിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.

“കോണ്‍ഗ്രസിലെ ആരും എന്നെയിനി പേടിക്കേണ്ട കാര്യമില്ല. സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പില്ലെന്ന കാര്യം എല്ലാവര്‍ക്കും വ്യക്തമായിക്കഴിഞ്ഞു. അപ്പോള്‍ പിന്നെ തടസം നില്‍ക്കുന്നത് വ്യക്തികളായിരിക്കാം. കോണ്‍ഗ്രസില്‍ ഇപ്പോഴും ചില ആത്മവിശ്വാസമില്ലാത്ത നേതാക്കളുണ്ട്. അവരാണ് എന്റെ മടങ്ങിവരവിന് തടസം നില്‍‌ക്കുന്നത്. പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്‍പു പാര്‍ട്ടിയിലെടുത്തില്ലെങ്കിലും ഉപതെരഞ്ഞെടുപ്പിലേതുപോലെ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിക്കും.”

“സംഘടനാപരമായ കാര്യങ്ങള്‍ ജനാധിപത്യ രീതിയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കുന്നത്. എന്നാല്‍ പാര്‍ട്ടിയില്‍ അന്തിമ തീരുമാനമെടുക്കുന്നത് ഹൈക്കമാന്‍ഡാണ്. പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു മുന്‍പു സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതുകൊണ്ടു പാര്‍ട്ടിയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നുതന്നെയാണ് എന്റെ വിശ്വാസം.”

“മുരളീധരന്‍ പോയതുകൊണ്ട് കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം അവസാനിച്ചു എന്ന് കരുതുന്നവരുണ്ട്. എന്നാല്‍ മുരളീധരന്‍ പോയിട്ടും കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം അവസാനിച്ചിട്ടില്ല. വിശാല ഐ ഗ്രൂപ്പ് എന്ന സങ്കല്‍പ്പം ഇനി കോണ്‍ഗ്രസില്‍ ഉണ്ടാകാനിടയില്ല. സംഘടനാ വിഷയത്തില്‍ ഗ്രൂപ്പ് പ്രശ്നമാകരുതെന്നേയുള്ളൂ. യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലും അങ്ങനെതന്നെയായിരിക്കും.”

“മദനിയെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഉമ്മന്‍ ചാണ്ടി പോയത് കെപിസിസി ലെയ്സണ്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ വ്യക്തിപരമായി പീഡിപ്പിക്കുന്നതു ശരിയല്ല” - മുരളി പറഞ്ഞു.

വെബ്ദുനിയ വായിക്കുക