മലയാള താരസംഘടനയായ ‘അമ്മ’യുടെ വെബ്‌സൈറ്റില്‍ മാനാഭിമാനമുള്ളവര്‍ക്ക് കയറാനാവില്ല! സൈറ്റില്‍ കയറി എന്തെങ്കിലും വിവരം അറിയാന്‍ ശ്രമിച്ചാല്‍ അശ്ലീല സൈറ്റുകളിലേക്കാകും ക്ഷണം ലഭിക്കുക. അമ്മയുടെ ഭാരവാഹികളും സൈറ്റ് നിര്‍മ്മാതാക്കളും ഇത് അറിഞ്ഞിട്ടുണ്ടെങ്കിലും സൈറ്റ് ഇപ്പോഴും അശ്ലീലം നിറഞ്ഞുതന്നെ തുടരുന്നു.
‘അമ്മ’യുടെ വെബ്‌സൈറ്റായ ‘മലയാളം സിനിമ ഡോട്ട് കോമി’ല്‍ കയറിയാല്‍, താരസംഘടനയെക്കുറിച്ച് വലിയ ബോധ്യമില്ലാത്തവര്‍ ആദ്യം ചെയ്യുക ‘എബൌട്ട് അമ്മ’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുകയായിരിക്കും. സൂക്ഷിക്കുക, ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലൈംഗിക ദൃശ്യങ്ങളുടെ കാഴ്ചകളായിരിക്കും വരവേല്‍ക്കുക. മറ്റ് പല ലിങ്കുകളുടെയും അവസ്ഥ ഇതുതന്നെ.
സൈറ്റിന്‍റെ ഗസ്റ്റ് ബുക്കില്‍ ക്ലിക്ക് ചെയ്താലോ? മാറ്റമൊന്നുമില്ല. സൈറ്റ് ക്ലോസ് ചെയ്യാമെന്ന് കരുതിയാലും രക്ഷയില്ല. അനവധി അശ്ലീല സൈറ്റുകള്‍ ഓപ്പണായി വരും. ഇതില്‍ നിന്ന് വൈറസുകള്‍ പ്രവേശിക്കാനുള്ള സാധ്യതയുമേറെ. ഗസ്റ്റ് ബുക്കില്‍ ഒന്നും എഴുതാനുമാവില്ല.
‘അമ്മ’ സൈറ്റിനെ ആരാണ് ഹാക്ക് ചെയ്തത് എന്ന് അറിവില്ല. എന്തായാലും സൈറ്റ് ആക്രമിക്കപ്പെട്ടിരിക്കുന്ന വിവരം അറിഞ്ഞിട്ടും നടപടികളൊന്നും സ്വീകരിക്കാതെ മൌനം പാലിക്കുകയാണ് വേണ്ടപ്പെട്ടവര്‍.
അടുത്ത കാലത്തായി ഉണ്ടായിട്ടുള്ള സിനിമാ വിവാദങ്ങളില്‍ കേന്ദ്രസ്ഥാനത്തുനിന്ന സംഘടനയാണ് ‘അമ്മ’. സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍ ഈ വിവാദങ്ങള്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നതും സംശയിക്കാവുന്ന കാര്യമാണ്.