അവഗണനയ്ക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ ഹൈക്കമാന്‍ഡിന് വീണ്ടും കത്തയച്ചു. തന്നെയും തനിക്കൊപ്പമുള്ളവരെയും അവഗണിക്കുന്നുവെന്ന് ആരോപിച്ചാണ് ലീഡര്‍ സോണിയാ ഗാന്ധിക്കും കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിക്കും കത്തയച്ചത്. എന്‍ പീതാംബര കുറുപ്പ് മുഖേനയാണ് കരുണാകരന്‍ കത്ത് കൈമാറിയിരിക്കുന്നത്.
കെ പി സി സി പ്രസിഡന്‍റ് രമേശ് ചെന്നിത്തലയിലുള്ള വിശ്വാസം നഷ്ടമായതായി കരുണാകരന്‍ കത്തില്‍ ആരോപിക്കുന്നു. പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുക ബുദ്ധിമുട്ടാണെന്നും കരുണാകരന്‍ കത്തില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.
ഭരണവിരുദ്ധ വികാരം മാത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വിജയിക്കാന്‍ കഴിയുകയില്ല. അടിയന്തരമായി സംസ്ഥാനത്തെ പ്രശ്നങ്ങളില്‍ എ ഐ സി സി ഇടപെടണമെന്നും കരുണാകരന്‍ ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു.