ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ടു മാത്രം ലൈസന്‍സ് റദ്ദാക്കില്ല!
വ്യാഴം, 14 നവംബര്‍ 2013 (19:54 IST)
PRO
ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ടു മാത്രം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. കൊല്ലം സ്വദേശി ദിലീപ് കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി സംബന്ധിച്ച് നല്‍കിയ സത്യവാങ്മൂലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഹെല്‍മറ്റ് ധരിക്കാത്തതുകൊണ്ടു മാത്രം ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല എന്നും ഹെല്‍മറ്റ് ധരിക്കാതെ അമ്പതുകിലോമീറ്ററിലേറെ വേഗത്തില്‍ സഞ്ചരിക്കുന്നവരുടെ ലൈസന്‍സ് ചെറിയ കാലയളവിലേക്ക് സസ്പെന്‍ഡ് ചെയ്യാനാണു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കുവേണ്ടി സീനിയര്‍ ലോ ഓഫീസര്‍ ഡി മോഹനചന്ദ്രനാണു സത്യവാങ്മൂലം നല്‍കിയത്. ഹെല്‍മറ്റ് നിര്‍ബന്ധിതമാക്കിയതോടെ അപകട മരണങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞ വിവരം സംസ്ഥാന ക്രൈം റിക്കോഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായും സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.