ഹെലികോപ്റ്റര്‍ സര്‍വ്വീസിന് ഭരണാനുമതി

തിങ്കള്‍, 1 ഡിസം‌ബര്‍ 2008 (12:26 IST)
ശബരിമലയില്‍ ശരംകുത്തിക്ക് സമീപം ഹെലികോപ്റ്റര്‍ ഇറക്കുന്നതിന് ദേവസ്വം ബോര്‍ഡിന്‍റെ ഭരണാനുമതി ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ ശബരിമലയില്‍ ആരംഭിച്ചു.

അടിയന്തിര ഘട്ടങ്ങളില്‍ മാത്രമേ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുവാദമുള്ളൂ. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ സന്ദര്‍ശനത്തിന് വേണ്ടിയാണ് പൊതുമരാമത്ത് വകുപ്പ് ശരംകുത്തിയില്‍ ഹെലിപ്പാഡ് പണിതത്. എന്നാല്‍ ചില സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നും സുരക്ഷാ കാരണങ്ങളാലും ഇന്ദിരാഗാന്ധി ശബരിമല സന്ദര്‍ശനം ഒഴിവാക്കുകയായിരുന്നു.

വനംവകുപ്പിന്‍റെ അധീനതയിലുള്ള 40 സെന്‍റ് സ്ഥലത്താണ് ഹെലിപ്പാഡ് പണിതത്. അടിയന്തിര ഘട്ടങ്ങളില്‍ ഇവിടെ ഹെലികോപറ്റര്‍ ഇറക്കുന്നതിന് ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്ത് നിന്നും നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പരിശാധനകള്‍ ഇപ്പോഴും തുടരുകയാണ്.

സന്നിധാനം പൊലീസ് സ്പെഷ്യല്‍ ഓഫീസര്‍ കഴിഞ്ഞ ദിവസം ഇവിടെ സുരക്ഷാ പരിശോധനകള്‍ നടത്തി. നവംബര്‍ ആദ്യവാരത്തില്‍ വ്യോമസേനയുടെ ഒരു ഹെലികോപ്റ്റര്‍ ശരംകുത്തിയില്‍ ഇറങ്ങാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ചില മരങ്ങള്‍ തടസ്സമായതിനാല്‍ ഹെലികോപ്റ്റര്‍ മടങ്ങി.

ഈ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് വനംവകുപ്പിന്‍റെ അനുമതി ആവശ്യമാണ്. ഇത് ഇതുവരെയും ലഭ്യമായിട്ടില്ല. ശരംകുത്തിയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വ്വീസ് നടത്തുന്നതിന് ചില കമ്പനികള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ ഇവരെ ദേവസ്വം ബോര്‍ഡ് ഒഴിവാക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക