ഹയര്‍‌സെക്കന്‍ററി ഫലം പ്രസിദ്ധീകരിച്ചു

വ്യാഴം, 15 മെയ് 2008 (12:18 IST)
KBJWD
ഹയര്‍ സെക്കന്‍ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പ്ലസ് ടുവിലെ വിജയശതമാനം 81.05 ആണ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ 81.21 ശതമാനം പേര്‍ വിജയിച്ചു.

തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയാണ് ഫലം പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ്‍. കുറവ് വിജയം പത്തനംതിട്ടയിലും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി വിഭാഗത്തില്‍ കോഴിക്കോട് ജില്ലയാണ് മുന്നില്‍. 62 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടി.

എസ്.എസ്.എല്‍.സിക്ക് മാര്‍ക്ക് വാരിക്കോരി കൊടുത്തുവെന്നായിരുന്നു ആക്ഷേപം. ഇതിന് ഒരു അടിസ്ഥാനവുമില്ലെന്ന് തെളിയിക്കുന്നതാണ് ഹയര്‍ സെക്കന്‍ററി പരീക്ഷയിലെ വിജയശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്ലസ് ടു വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം 72.03 ആയിരുന്നു വിജയശതമാനം.

സ്കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ സയന്‍സ് ഗ്രൂപ്പില്‍ 83.71 ശതമാനം പേരും ഹുമാനിറ്റീസ് ഗ്രൂപ്പില്‍ 76. 69 ശതമാനം പേരും കൊമേഴ്സ് ഗ്രൂപ്പില്‍ 78.90 ശതമാനം പേരും ടെക്നിക്കല്‍ വിഭാഗത്തില്‍ 75.37 ശതമാനം പേരും ആര്‍ട്സ് ഗ്രൂപ്പില്‍ 73.21 ശതമാനം പേരും ഉപരിപഠനത്തിന് അര്‍ഹരായി.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8.69 ശതമാനം വര്‍ദ്ധനവാണ് ഇക്കുറി ഉണ്ടായത്. പട്ടികജാതി വിഭാഗത്തില്‍ 59.69 ശതമാനവും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 51.30 ശതമാനം പേരും ഉപരിപഠനത്തിന് അര്‍ഹരായി. ഒ.ഇ.സി വിഭാഗത്തില്‍ 69.03 ശതമാനം പേരും മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ 82.84 ശതമാനം വിജയിച്ചു.

ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ സയന്‍സ് ഗ്രൂപ്പില്‍ 47.93 ശതമാനം പേരും ഹുമാനിറ്റീസ് ഗ്രൂപ്പില്‍ 45.63 ശതമാനം പേരും കൊമേഴ്സ് ഗ്രൂപ്പില്‍ 41.40 ശതമാനം പേരും ഉപരിപഠനത്തിന് അര്‍ഹരായി.

വെബ്ദുനിയ വായിക്കുക