സ്‌മാര്‍ട് സിറ്റി: രേഖാമൂലം ആവശ്യപ്പെട്ടാല്‍ ചര്‍ച്ച

വെള്ളി, 24 ഏപ്രില്‍ 2009 (18:17 IST)
സ്‌മാര്‍ട് സിറ്റി നടത്തിപ്പുക്കാരായ ടീകോം രേഖാമൂലം ആവശ്യമുന്നയിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകുകയുള്ളു എന്ന് സ്‌മാര്‍ട് സിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ് ശര്‍മ്മ അറിയിച്ചു.

ടീകോം പത്ര ഓഫീസുകളില്‍ നല്‍കിയ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നും മന്ത്രി പറഞ്ഞു.

സ്മാര്‍ട്ട്‌ സിറ്റി ഭൂമിയുടെ സ്വതന്ത്രാവകാശ തര്‍ക്കം പരിഹരിക്കുന്നത്‌ വരെ കൊച്ചിയിലുള്ള ടീകോമിന്‍റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ടീകോം ചെയര്‍മാന്‍ ഫരീദ്‌ അബ്ദുള്‍ റഹ്‌മാന്‍ അറിയിച്ചത്.

എന്നാല്‍, സ്‌മാര്‍ട് സിറ്റിയുടെ കൊച്ചിയിലെ ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തലാക്കുന്നത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മന്ത്രി ശര്‍മ അന്നു തന്നെ വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്‍റെ സമീപനമോ, നയമോ പദ്ധതി നഷ്‌ടപ്പെടാന്‍ കാരണമാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനു തുടര്‍ച്ചയെന്നോണമാണ്, സ്മാര്‍ട് സിറ്റി രേഖാമൂലം ആവശ്യമുന്നയിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറാകുകയുള്ളു എന്ന് മന്ത്രി പറഞ്ഞിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക