സ്വാശ്രയ മെഡിക്കല്‍ ഫീസ്: കരിനിഴല്‍ മാറ്റേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന് - രൂക്ഷ വിമര്‍ശനവുമായി സിപിഐ

വ്യാഴം, 31 ഓഗസ്റ്റ് 2017 (14:53 IST)
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിദ്യാഭ്യാസമേഖല കച്ചവടക്കാരുടെ കൈയിലായിപ്പോയത് ദുരന്തമായിപ്പോയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ കരിനിഴല്‍ മാറ്റേണ്ട പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അതിനായി പ്രത്യേക നിയമസഭാ സമ്മേളനവും സര്‍വ്വകക്ഷിയോഗവും വിളിച്ചു ചേര്‍ക്കണമെന്നും ഫീസിനും പ്രവേശനത്തിനും കൃത്യമായ മാനദണ്ഡം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 
 
സാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു. ഇതിനിടെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനവും ഉണ്ടായിരുന്നു. പരീക്ഷാ കമ്മീഷണറേയും ഹൈക്കോടതി ശാസിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മാനേജ്‌മെന്റുകളുടെ കളിപ്പാവയായി മാറുകയാണെന്നും പല കോളേജുകളേയും സഹായിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
 
ഇതെല്ലാം തിരിച്ചടിയായി നില്‍ക്കുന്ന വേളയിലാണ് സുപ്രീം കോടതി സര്‍ക്കാര്‍ നിശ്ചയിച്ച ഫീസിനെ തള്ളുകയും 11 ലക്ഷം രൂപ മെഡിക്കല്‍ പ്രവേശന ഫീസായി നിശ്ചയിക്കുകയും ചെയ്തത്. ഇതോടെ പിണറായി സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകുകയും ചെയ്തു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ കേസ് വേണ്ടവിധത്തില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന തരത്തിലുള്ള വിമര്‍ശനം ഉയര്‍ന്നു വരുകയും ചെയ്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍