സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വധശിക്ഷ വിധിക്കുന്ന കോടതി കോണ്‍ഗ്രസ്സില്‍ - പിണറായി എഴുതുന്നു

Webdunia
തിങ്കള്‍, 10 ഓഗസ്റ്റ് 2015 (13:04 IST)
ചാവക്കാട് ഹനീഫയുടെ കൊലപാതകം കോണ്‍ഗ്രസില്‍ കലാപം സൃഷ്ടിച്ചിരിക്കുകയാണ്. ഹനീഫ കൊലപാതകം കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര് രൂക്ഷമാക്കിയിരിക്കുന്നു. കോണ്‍ഗ്രസ് നേതാവ് ഗോപപ്രതാപന് പ്രതികളുമായി പങ്കുണ്ടെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നു. സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വധശിക്ഷ വിധിക്കുന്ന കോടതി കോണ്‍‌ഗ്രസ്സില്‍ തന്നെ ഉണ്ടെന്നാണ് ചാവക്കാട്ടെ കൊലപാതകം തെളിയിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രതികരിച്ചു.
 
പിണറായിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: 
 
“തമ്മില്‍ കൊന്നും അതിന്റെ പേരില്‍ ക്രമസമാധാനം തകര്‍ത്തും ഭരണം നയിക്കുന്ന കക്ഷി തന്നെ മുന്നേറുമ്പോള്‍ കേരളം വീണ്ടും പുറകോട്ടു വലിക്കപ്പെടുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്സുകാരാല്‍ തന്നെ കൊല്ലപ്പെടുമ്പോള്‍, ഇരുപക്ഷത്തിന്റെയും നേതൃത്വത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആകുമ്പോള്‍ ഏതു കോടതിയാണ് ഈ വധശിക്ഷ വിധിച്ചത് എന്ന ചോദ്യം ഉയരുന്നു.
 
സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വധശിക്ഷ വിധിക്കുന്ന കോടതി കോണ്‍ഗ്രസ്സില്‍ തന്നെ ഉണ്ട് എന്നാണു ചാവക്കാട്ടെ കൊലപാതകം തെളിയിക്കുന്നത്. കോണ്‍ഗ്രസ്സുകാര്‍ തന്നെയാണ് കൊലയാളികള്‍ എന്ന്, ആ പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തെ പിരിച്ചു വിട്ടതിലൂടെ കെ പി സി സി സമ്മതിച്ചിരിക്കുന്നു. അതിനര്‍ത്ഥം പിരിച്ചു വിടപ്പെട്ട കമ്മിറ്റിയിലെയും, അതിനു മുകളിലുള്ള ഘടകങ്ങളിലെയും ആളുകളുടെ പങ്കാളിത്തത്തോടെയാണ് ചാവക്കാട്ടെ ഹനീഫയുടെ കൊലപാതകം എന്നാണ്.
 
ബ്ലോക്ക് പ്രസിഡന്റ് ഗോപപ്രതാപനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതിലൂടെ അദ്ദേഹത്തിന്‍റെ പങ്കാളിത്തവും കോണ്ഗ്രസ്സ് സമ്മതിച്ചിരിക്കുന്നു. കെപിസിസി ഉപസമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഈ നടപടി എന്നിരിക്കെ കോണ്‍ഗ്രസ്സിന് അത് നിഷേധിക്കാനുമാകില്ല.
 
ഇത്രയും വസ്തുതകള്‍ കേസുമായി ബന്ധപ്പെട്ടു തെളിവുകള്‍ ആയി മുന്നില്‍ നില്ക്കുന്നു. സര്‍ക്കാരും പോലീസും എന്ത് ചെയ്യും എന്ന് കാണാന്‍ ആകാംക്ഷയുണ്ട്. കുറ്റവാളികളെ രക്ഷിക്കാന്‍ ആണ് ശ്രമം എങ്കില്‍ എല്ലാം കാണുന്ന ജനങ്ങള്‍ അതിനു അനുവദിക്കും എന്ന് കരുതുന്നത് അതിരുവിട്ട വ്യാമോഹമാണ്”.