സ്മാര്‍ട്ട് സിറ്റി: പിന്‍‌മാറില്ലെന്ന് ടീകോം

തിങ്കള്‍, 28 ജൂണ്‍ 2010 (19:28 IST)
സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്‍‌മാറില്ലെന്ന് ടീകോം. കൊച്ചിയില്‍ ചേര്‍ന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം ടീകോം സി ഇ ഒ ഫരീദ് അബ്ദുള്‍ റഹ്‌മാനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരുമായി ചില കാര്യങ്ങളില്‍ സംഭാഷണത്തിനുള്ള സാധ്യതകള്‍ അടഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.

സംസ്ഥാന സര്‍ക്കാരുമായി ചില പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്. എന്നാല്‍ സംഭാഷണങ്ങള്‍ക്കുള്ള സാധ്യത ചില കാര്യങ്ങളില്‍ അടഞ്ഞിട്ടുണ്ട്. ആ സാധ്യതകള്‍ സജീവമാക്കി മുന്നോട്ടു പോകേണ്ടതുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോം പിന്‍‌മാറില്ല. നിലവിലുള്ള കരാറില്‍ കൂടുതല്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ടീകോം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയെ ടീകോം ദുബായിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

യോഗത്തില്‍ മന്ത്രി എസ് ശര്‍മ ഹാജരാകാതിരുന്നതില്‍ ടീകോം പ്രതിഷേധമറിയിച്ചിട്ടുണ്ട്. ശര്‍മ പങ്കെടുക്കാതിരുന്നതുകൊണ്ടാണ് യോഗം ആരംഭിക്കാന്‍ വൈകിയതെന്ന് ഫരീദ് അബ്ദുള്‍ റഹ്‌മാന്‍ അറിയിച്ചു. എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ബോധപൂര്‍വമല്ലെന്ന് എസ് ശര്‍മ പറഞ്ഞു. നിയമസഭ നടക്കുന്നതുകൊണ്ടാണ് യോഗത്തിനെത്താതിരുന്നത്. എന്നാല്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഐ ടി സെക്രട്ടറി അജയകുമാര്‍ യോഗത്തിനെത്തിയിരുന്നതായും മന്ത്രി പറഞ്ഞു.

സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം നടന്ന കൊച്ചി റമദ ഹോട്ടലിലേക്ക് ആര്‍ വൈ എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പദ്ധതിയില്‍ നിന്ന് ടീകോമിനെ ഒഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇവരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.

വെബ്ദുനിയ വായിക്കുക