സ്ഥാനം നല്‍കാത്തതില്‍ നിരാശ - കരുണാകരന്‍

വെള്ളി, 30 മെയ് 2008 (12:09 IST)
KBJWD
തന്നോടൊപ്പം വന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കാത്തത് നിരാശയുണ്ടാക്കിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പറഞ്ഞു. ആര്യാടന്‍-ലീഗ് വിഷയത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടത്തിയാ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍. ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കരുണാകരന്‍ ഡല്‍ഹിയിലെത്തിയത്. അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായാണ് കരുണാകരന്‍ പ്രവര്‍ത്തക സമിതിയോഗത്തില്‍ പങ്കെടുക്കുന്നത്.

ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ കരുണാകരനോട് ആരാഞ്ഞു. പണ്ടും താന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. അന്ന് തന്നോടൊപ്പം ഉണ്ടായിരുന്ന പലരും പിരിഞ്ഞുപോയി. ഇപ്പോള്‍ യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പുതുമയൊന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

തനിക്കൊപ്പം പാര്‍ട്ടിയിലേക്ക് മടങ്ങി വന്നവര്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ ഉടന്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് താമസിക്കുന്നതില്‍ നിരാശയുണ്ട്. ആര്യാടന്‍-ലീഗ് വിഷയത്തില്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ആത്മസംയമനം പാലിക്കണം. യു.ഡി.എഫിന് നേതൃത്വം നല്‍കുന്നത് കോണ്‍ഗ്രസാണ്. അതിനാല്‍ ഘടകകക്ഷികളെ ഒരിക്കലും പിണക്കാന്‍ പാടില്ല.

രാജ്യ താത്പര്യങ്ങളോട് ഏറ്റവും അടുത്തു നില്‍ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസായതുകൊണ്ട് പൂര്‍ണമായ ആത്മസംയമനം എല്ലാ കോണ്‍ഗ്രസ് നേതാക്കളും പാലിക്കണം. ഈ പ്രശ്നം നേരത്തെ തന്നെ പരിഹരിക്കേണ്ടതായിരുന്നു. ഇപ്പോള്‍ പ്രശ്നം പരിഹരിക്കുന്നത് കഴിവുള്ള നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട പ്രവര്‍ത്തക സമിതിയില്‍ എന്താണ് പറയാന്‍ പോകുന്നതെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും കരുണാകരന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക