സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കും മീഡിയ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം
തിങ്കള്‍, 24 മാര്‍ച്ച് 2014 (16:04 IST)
PRO
സോഷ്യല്‍ മീഡിയയും ഇലക്ട്രോണിക് മീഡിയയായി കണക്കാക്കുമെന്നും തെരഞ്ഞെടുപ്പു പ്രചരണവും പരസ്യങ്ങളും സംബന്ധിച്ച് ഇലക്ട്രോണിക് മീഡിയയ്ക്ക് ബാധകമായ എല്ലാ നിബന്ധകളും സോഷ്യല്‍ മീഡിയയ്ക്കും ബാധകമാണെന്നും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി (എം.സി.എം.സി.) അറിയിച്ചു.
മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാതെ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയപ്പാര്‍ട്ടികളോ അഭ്യുദയകാംക്ഷികളോ വെബ്സൈറ്റുകള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ല. ഈ നിബന്ധന സ്ഥാനാര്‍ത്ഥി നോമിനേഷന്‍ കൊടുത്ത തീയതി മുതല്‍ ഫലപ്രഖ്യാപനം വരെ പാലിക്കണം. ഈ ഇനത്തില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ക്കും വെബ്സൈറ്റുകള്‍ക്കും പരസ്യ ഇനത്തില്‍ കൊടുക്കുന്ന തുക, ക്രിയേറ്റിവ് ജോലികള്‍ക്ക് മുടക്കിയ തുക, പ്രചാരണാര്‍ത്ഥം ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനും പ്രഫഷണലുകള്‍ക്ക് ശമ്പളമായും മറ്റും കൊടുക്കുന്ന തുക, ഉല്‍പ്പാദനചെലവ് ഇവ തെരഞ്ഞെടുപ്പു ചെലവില്‍ ഉള്‍പ്പെടുത്തണം.
വിക്കിപ്പീഡിയ പോലുള്ള കൊളാബറേറ്റിവ് പ്രോജക്ടുകള്‍, ബ്ലോഗുകള്‍, മൈക്രോ ബ്ലോഗുകള്‍, യൂ ട്യൂബ് തുടങ്ങിയ കണ്ടന്റ് കമ്മ്യൂണിറ്റികള്‍, ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍, ആപ്സ് പോലുള്ള വിര്‍ച്വല്‍ സൊലുഷനുകള്‍ ഇവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരും.