സോളാര്‍ തട്ടിപ്പിലൂടെ ജോപ്പന്‍ വന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കി; സ്വത്ത് വിവരം അജ്ഞാതം

വ്യാഴം, 20 ജൂണ്‍ 2013 (16:47 IST)
PRO
PRO
മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്‍ സോളാര്‍ തട്ടിപ്പിന് ഒത്താശ ചെയ്ത് വന്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി റിപ്പോര്‍ട്ട്. ജോപ്പന്റെ സ്വത്ത് വിവരങ്ങള്‍ ഇപ്പോഴും പുറം‌ലോകത്തിനു അജ്ഞാതമാണെന്നതും ശ്രദ്ധേയമാണ്. തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെല്ലാം സ്വത്ത് വിവരം വെബ് സൈറ്റിലൂടെ വെളിപ്പെടുത്തിയതായാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലും സ്വത്ത് വിവരം വെളിപ്പെടുത്തിയിട്ടില്ല. സരിതയുമായുള്ള ഫോണ്‍ ബന്ധം വിവാദമായതിനെ തുടര്‍ന്നാണ് ജോപ്പനെ പേഴ്‌സണല്‍ സ്റ്റാഫില്‍നിന്ന് മുഖ്യമന്ത്രി പുറത്താക്കിയത്.

തന്റെ ഓഫിസിനെ അഴിമതി മുക്തമാക്കാന്‍ അധികാരം ഏറ്റയുടന്‍ മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ എല്ലാം സ്വത്ത് വിവരം വര്‍ഷാവര്‍ഷം വെബ് സൈറ്റിലൂടെ അറിയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിലാണ് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുടെ സ്വത്ത് വെളിപ്പെടുത്തിയത്. ഇതില്‍ കഴിഞ്ഞ മൂന്ന് വര്‍ഷവും ജോപ്പന്റെ സ്വത്ത് വിവരം ലഭ്യമല്ല. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ 14 അംഗങ്ങള്‍ 2011 ലും 15 അംഗങ്ങള്‍ 2012 ലും 2013ലും തങ്ങളുടെ സ്വത്ത് പ്രസ്തുത വെബ് സൈറ്റിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. തസ്തികാടിസ്ഥാനത്തില്‍ ജോപ്പന്‍ ക്ലാര്‍ക്കാണെങ്കിലും മുഖ്യമന്ത്രിയുടെ പിഎ ആയിട്ടായിരുന്നു പ്രവര്‍ത്തനം.

ജോപ്പന് സരിത സ്ഥിരമായി പണം നല്‍കുമായിരുന്നെന്ന വെളിപ്പെടുത്തലും ബിജു രാധാകൃഷ്ണന്റെ വക്കീല്‍ നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജോപ്പന്റെ പ്രവര്‍ത്തനങ്ങളിലെ ദുരുഹത വര്‍ധിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന പല ഇടപാടുകള്‍ക്കും ജോപ്പന്റെ ബാങ്ക് അക്കൗണ്ടുകളാണ് ഉപയോഗിച്ചതെന്ന പ്രതിപക്ഷ വിമര്‍ശനവും ഇതിന് ആക്കം കൂട്ടുന്നു.

വെബ്ദുനിയ വായിക്കുക