സോളാര്‍ കേസ്: ശാലുവും ജോപ്പനും ജയില്‍ മോചിതരായി

ശനി, 24 ഓഗസ്റ്റ് 2013 (15:37 IST)
PRO
സോളാര്‍ കേസില്‍ ജാമ്യം ലഭിച്ച ശാലുമേനോനും ടെനി ജോപ്പനും ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശാലു അട്ടക്കുളങ്ങര ജയിലില്‍ നിന്നും ജോപ്പന്‍ പത്തനംതിട്ട ജയിലില്‍ നിന്നുമാണ് പുറത്തിറങ്ങിയത്.

ഇന്നലെ തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നെങ്കിലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായത് ഇന്നാണ്. 50 നാളത്തെ ജയില്‍വാസത്തിന് ശേഷമാണ് ശാലുവിന്റെ മോചനം. മാധ്യമങ്ങളോട് ഒന്നും പറയാനില്ലെന്ന് ശാലു പ്രതികരിച്ചു.

പത്തനംതിട്ട ജില്ലാ ജയിലില്‍നിന്നും രോഷാകുലമായ മുഖഭാവത്തോടെയായിരുന്നു ജോപ്പനും പുറത്തിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജോപ്പനും തയ്യാ‍റായില്ല. കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

രാജ്യം വിട്ട് പോകാതിരിക്കാനുള്ള ജാമ്യവ്യവസ്ഥ അനുസരിച്ച് ശാലുമേനോന്‍ തിരുവന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ പാസ്‌പ്പോര്‍ട്ട് സമര്‍പ്പിച്ചു. ജയിലില്‍ നിന്നും പുറത്തിറങ്ങിയ ടെന്നി ജോപ്പന്‍ കൊട്ടരാക്കരയിലുള്ള വീട്ടിലേക്ക് പോയി.

കോന്നി സ്വദേശി ശ്രീധരന്‍ നായരുടെ പരാതിയിലാണ് കഴിഞ്ഞ ജൂണ്‍ 28ന് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ജോപ്പന്‍ അറസ്റ്റിലായത്. തിരുവനന്തപുരം മണക്കാട് സ്വദേശി റാസിക്കലിയുടെ പരാതിയിലാണ് ശാലു മേനോനെ അറസ്റ്റുചെയ്തത്.

ജോപ്പന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ശാലു മേനോന് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.


വെബ്ദുനിയ വായിക്കുക