സോളാര്‍ കത്തുന്നു: കൊച്ചിയില്‍ ഡിവൈഎഫ്ഐ മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു
തിങ്കള്‍, 17 ജൂണ്‍ 2013 (11:44 IST)
PRO
സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ എറണാകുളത്ത് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാവിലെ 11 മണിയോടെയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചുമായി കളക്ടറേറ്റിലേക്ക് വന്നത്.
സോളാര്‍ തട്ടിപ്പ് സഭ നിര്‍ത്തിവച്ച ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളമുണ്ടായി.
പ്രതിപക്ഷാംഗങ്ങള്‍ സീറ്റ് വിട്ട് നടുത്തളത്തിലിറങ്ങി ബഹളം വെക്കുകയാണ്. ബിജു രാധാകൃഷ്ണനെ കണ്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി. എന്നാല്‍ സരിതാ നായരെ ഡല്‍ഹിയില്‍വച്ച് കണ്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ ഇന്ന് അടിയന്തര യുഡിഎഫ് യോഗം ചേരും. കേസില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുന്നവിധത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ദിനംപ്രതി പുറത്തുവരുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുള്ളത്.