സൈബര്‍സിറ്റി സര്‍ക്കാരിന്‍റേതല്ല - വിജയകുമാര്‍

KBJWD
കളമശ്ശേരിയില്‍ സൈബര്‍ സിറ്റി സര്‍ക്കാര്‍ ഉടമസ്ഥതയിലില്ലെന്ന്‌ നിയമമന്ത്രി എം.വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു. ബ്ലൂസ്റ്റാര്‍ റിയലസ്റ്റേഴ്സിന്‍റെ ഭൂമിയിലാണ് സൈബര്‍ സിറ്റി നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു.

നിയമസഭയില്‍ ചോദ്യോ‍ത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി വിജയകുമാര്‍. മുഖ്യമന്ത്രിക്കു വേണ്ടിയാണ്‌ അദ്ദേഹം ഇക്കാര്യമറിയിച്ചത്‌. സൈബര്‍ സിറ്റിക്ക്‌ സെസ്‌ വേണമെന്ന്‌ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭൂമി സംബന്ധമായ കേസ്‌ നിലവിലുള്ളതിനാല്‍ തീരുമാനമെടുത്തിട്ടില്ല.

സെസ്‌ സംബന്ധിച്ച്‌ ഐ.ടി, വ്യവസായ വകുപ്പുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല. ബ്ലൂസ്‌റ്റാര്‍ കമ്പനിയുമായി ബന്ധപ്പെട്ട വിവാദമായ ഭൂമിയില്‍ എച്ച്‌.എം.ടിക്ക്‌ അവകാശമുണ്ട്. നേരത്തെ ഭൂ നികുതിയില്‍ ഇളവ് നല്‍കിയാണ് ഈ ഭൂമി എച്ച്.എം.ടിക്ക് നല്‍കിയത്. ഇതാണ് ഇപ്പോള്‍ ബ്ലൂസ്റ്റാര്‍ റിയലസ്റ്റേഴ്സിന് കൈമാറിയത്.

ഈ ഭൂമിയില്‍ സര്‍ക്കാരിന് ഒരു അവകാശവുമില്ല. ഇതുസംബന്ധിച്ച് ഹൈക്കോടതിയിലുള്ള കേസിലും സര്‍ക്കാര്‍ ഇങ്ങനെതന്നെയാണ് സത്യവാങ്മൂലം നല്‍കിയതെന്നും വിജയകുമാര്‍ നിയമസഭയെ അറിയിച്ചു.

വെബ്ദുനിയ വായിക്കുക