സുപ്രധാനകേസുകള്‍ പിന്‍‌വലിക്കുന്നു?

ശനി, 30 ഏപ്രില്‍ 2011 (08:49 IST)
PRO
PRO
നിയമത്തിന്റെ പഴുതുകള്‍ ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ പി‌ന്‍‌വലിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍, ദേശാഭിമാനി ബോണ്ട് കേസ്, മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട്, തുടങ്ങിയവ ഉള്‍പ്പെടെയുള്ള പല സുപ്രധാനകേസുകളും ഇതില്‍ ഉള്‍പ്പെടും എന്നാണ് റിപ്പോര്‍ട്ട്.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, നിയമമന്ത്രി എം വിജയകുമാര്‍, എം എല്‍ എമാര്‍ തുടങ്ങി നിരവധി നേതാക്കള്‍ പ്രതികളായ കേസുകളാണ് ഇത്തരത്തില്‍ കൂട്ടത്തോടെ ഇല്ലാതാക്കാന്‍ ആഭ്യന്തരവകുപ്പിന്റെ ഇടപെടലോടെ നീക്കം നടക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പെ തന്നെ കേസുകള്‍ പിന്‍‌വലിക്കാനാണ് ഉര്‍ജ്ജിതശ്രമം നടക്കുന്നത്. ഇതിന് പുറമെ ഇടതുപക്ഷത്തെ യുവജന-വിദ്യാര്‍ഥി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പ്രതിപ്പട്ടികയിലുള്ള കേസുകളും പിന്‍‌വലിക്കും.

പൊതുമുതല്‍ നശിപ്പിക്കല്‍, സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം, പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവരെ മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളും ഇതിന്റെ പരിധിയില്‍ വരുന്നുണ്ട്.

വെബ്ദുനിയ വായിക്കുക