സീറ്റു വിഭജിക്കാന്‍ യുഡിഎഫ് ഇന്ന് ചേരുന്നു

തിങ്കള്‍, 21 ഫെബ്രുവരി 2011 (10:12 IST)
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ സീറ്റുവിഭജനം ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് ഇന്ന് യോഗം ചേരുന്നു. തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയായ കന്റോണ്‍മെന്റ് ഹൌസിലാണ് യു ഡി എഫ് യോഗം ചേരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴയില്‍ പി ജെ ജോസഫ് മത്സരിക്കുമെന്ന കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിയുടെ പ്രസ്താവന യോഗത്തില്‍ ചര്‍ച്ച ചെയ്യും. വിമോചനയാത്ര വിലയിരുത്തലും മാണിയുടെ പ്രസ്താവന ഉണ്ടാക്കിയ വിവാദങ്ങളുമായിരിക്കും പ്രധാനമായും ഇന്ന് ചര്‍ച്ച ചെയ്യുക.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസാണു തൊടുപുഴയില്‍ മല്‍സരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ മാണിയുടെ പ്രസ്താവന ആരംഭത്തില്‍ തന്നെ വിവാദമായിരുന്നു. മുന്നണിയില്‍ ആലോചിക്കാതെയുള്ള മാണിയുടെ ഏകപക്ഷീയ പ്രഖ്യാപനം ശരിയായില്ലെന്നാണു കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ലയിച്ച പി ജെ ജോസഫിന്റെ സിറ്റിംഗ് സീറ്റാണ് തൊടുപുഴ. ഇതിനാലാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിക്കുകപോലും ചെയ്യാതെ ജോസഫ് തന്നെയായിരിക്കും തൊടുപുഴയില്‍ സ്ഥാനാര്‍ത്ഥിയെന്ന് മാണി പ്രഖ്യാപിച്ചത്.


കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗവും കേരള കോണ്‍ഗ്രസ് സെക്യുലറും ലയിച്ച സാഹചര്യത്തില്‍ മാണി വിഭാഗം കുടുതല്‍ സീറ്റുകള്‍ ചോദിക്കും. കഴിഞ്ഞതവണ 11 സീറ്റായിരുന്നു മാണിവിഭാഗത്തിന് തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. കൂടാതെ, ലയിച്ച പാര്‍ട്ടികളില്‍ നിന്ന് പി ജെ ജോസഫ്‌, മോന്‍സ്‌ ജോസഫ്‌, ടി യു കുരുവിള, പി സി ജോര്‍ജ്‌ എന്നീ നാല് എം എല്‍ എമാരുമുണ്ട്. ഇങ്ങനെ നോക്കുമ്പോള്‍ നിലവില്‍ 15 സീറ്റാണ് കേരള കോണ്‍ഗ്രസിനുള്ളത്. ഈ സീറ്റുകളില്‍ ഒന്നുപോലും കുറയാന്‍ പറ്റില്ലെന്ന നിലപാടാണ് മാണിയുടേത്.

ഐസ്ക്രീം വിവാദം, ബാലകൃഷ്ണപിള്ള ജയിലിലായത്, കെ സുധാകരന്‍, അബ്ദുല്ലക്കുട്ടിയും സുധീരനും തമ്മിലുണ്ടായ പ്രശ്നം ഒക്കെ ചര്‍ച്ചയില്‍ വിഷയങ്ങളാകും.

യു ഡി എഫ്‌ ഉന്നതാധികാര സമിതി 24 ന്‌ യോഗം ചേരും

വെബ്ദുനിയ വായിക്കുക