സി പി എമ്മില്‍ ഒരു പുകിലും ഉണ്ടാകില്ല: പിണറായി

ബുധന്‍, 31 ഓഗസ്റ്റ് 2011 (13:17 IST)
PRO
അമേരിക്കന്‍ സംഘവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി എന്നതിന്‍റെ പേരില്‍ പാര്‍ട്ടിയില്‍ ഒരു പുകിലും ഉണ്ടാകില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. താനുള്‍പ്പടെയുള്ള സി പി എം നേതാക്കള്‍ യു എസ് സംഘവുമായി ചര്‍ച്ച നടത്തിയതില്‍ അസ്വാഭാവികതയില്ലെന്നും പിണറായി പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയാണ് പിണറായി ഇക്കാര്യം വിശദീകരിച്ചത്.

വിദേശനിക്ഷേപം സ്വീകരിക്കാന്‍ പാടില്ല എന്ന നയം സി പി എമ്മിനില്ല. എന്നാല്‍ എല്ലാത്തരം നിക്ഷേപങ്ങളെയും സ്വാഗതം ചെയ്യുന്ന നയവും പാര്‍ട്ടിക്കില്ല. രാജ്യത്തിന്‍റെ അടിസ്ഥാനപരമായ നയങ്ങള്‍ ബലികൊടുത്തുകൊണ്ടുള്ള നിക്ഷേപ സ്വീകരണത്തിന് പാര്‍ട്ടി എതിരാണ്. എന്നാല്‍ ആധുനിക സാങ്കേതിക വിദ്യ മനസിലാക്കുന്നതിന്, ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നത്, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഒക്കെ വിദേശനിക്ഷേപമാകാം എന്ന നയമാണ് സി പി എമ്മിനുള്ളത് - പിണറായി വ്യക്തമാക്കി.

അമേരിക്കന്‍ സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തിയപ്പോല്‍ അവര്‍ സി പി എം നേതാക്കളെയും സര്‍ക്കാരിലെ മന്ത്രിമാരെയുമൊക്കെ കാണണമെന്ന് താല്‍പ്പര്യം പ്രകടിപ്പിച്ചു. അവര്‍ കാണാന്‍ അനുവാദം ചോദിച്ചപ്പോല്‍ ഞങ്ങള്‍ സമ്മതിച്ചു. അത് സ്വാഭാവികമായ നടപടിയാണ്. അത് ഏതെങ്കിലും തരത്തില്‍ പ്രത്യേക അജണ്ടയുള്ള കൂടിക്കാഴ്ചയായിരുന്നില്ല. ഞങ്ങള്‍ നേതാക്കള്‍ എല്ലാവരെയും യു എസ് സംഘം പ്രത്യേകം പ്രത്യേകമായാണ് സന്ദര്‍ശിച്ചത് - പിണറായി പറഞ്ഞു.

യു എസ് സംഘവുമായുള്ള കൂടിക്കാഴ്ചയില്‍, അമേരിക്കയുടെ നയത്തോടുള്ള എതിര്‍പ്പ് ഞാന്‍ വ്യക്തമാക്കി. പല രാജ്യങ്ങളോടും അവര്‍ സ്വീകരിക്കുന്ന നിലപാട് ശരിയല്ല എന്ന് തുറന്നുപറഞ്ഞു. പ്ലാച്ചിമടയിലെ കൊക്കക്കോള കമ്പനി അമിതമായി ജലചൂഷണം നടത്തുന്നതുകൊണ്ടാണ് അതിനെ എതിര്‍ക്കുന്നതെന്ന് ഞാന്‍ വ്യക്തമാക്കി. പല കാര്യങ്ങളും ചര്‍ച്ച ചെയ്യുകയും ഒടുവില്‍ അവര്‍ തിരിച്ചു പോകുകയും ചെയ്തു. ഇതില്‍ അസ്വാഭാവികത ഒന്നുമില്ല. ഇതിന്‍റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ എതെങ്കിലും പുകില്‍ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കുകയും വേണ്ട - പിണറായി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക