മൂന്ന് ദിവസമായി തുടരുന്ന സി പി എം സംസ്ഥാനസമിതി ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്നതിനു ശേഷം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറയും. തെരഞ്ഞെടുപ്പു പരാജയം അവലോകനം ചെയ്യുകയായിരുന്നു യോഗത്തിന്‍റെ മുഖ്യ അജണ്ട.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും സംസ്ഥാനസമിതിയില്‍ മുഖ്യമന്ത്രി അച്യുതാനന്ദനെതിരെ ഔദ്യോഗിക പക്ഷം ശക്തമായ ആക്രമണമുയര്‍ത്തിയിരുന്നു. പി ജയരാജന്‍, എം വി ജയരാജന്‍, പി രാജീവ്, പി രാജേന്ദ്രന്‍, ആര്‍ ഉണ്ണിക്കൃഷ്ണ പിള്ള എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതിയായ എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി സ്വീകരിച്ചു വരുന്ന നിലപാടാണ് പ്രധാനമായും വിമര്‍ശനത്തിനു വിധേയമായത്. തെരഞ്ഞെടുപ്പു പരാജയത്തിനു പി ഡി പി ബന്ധം കാരണമായെന്ന് അംഗീകരിച്ചവരും, പി ഡി പി ബന്ധം ഇത്രമാത്രം വിവാദമായത് വി എസിന്‍റെ പ്രസ്താവനകള്‍ മൂലമാണെന്ന് ആരോപിച്ചു.
മുഖ്യമന്ത്രിയെ ഇങ്ങനെ വിമര്‍ശിക്കുന്നതിനെതിരെയും സംസ്ഥാനസമിതിയില്‍ സ്വരമുയര്‍ന്നു. കെ ചന്ദ്രന്‍പിള്ള, ജെ മേഴ്സിക്കുട്ടിയമ്മ, എസ് ശര്‍മ്മ, എം ചന്ദ്രന്‍ തുടങ്ങിയവരാണ് വിഎസിനു വേണ്ടി രംഗത്തെത്തിയത്. പാര്‍ട്ടി തെറ്റായ വഴിയില്‍ നീങ്ങുന്നതിന് വിഎസിനെ പ്രതിക്കൂട്ടിലാക്കിയിട്ട് കാര്യമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പാര്‍ട്ടി പാരമ്പര്യം വിവരിച്ച എം ചന്ദ്രന്‍ ഇങ്ങനെ പഴികേട്ട് എന്തിനാണ് മുഖ്യമന്ത്രി തല്‍സ്ഥാനത്തിരിക്കുന്നതെന്നും ചോദിച്ചു.
അതേസമയം, മുഖ്യമന്ത്രിക്കും പിണറായിക്കുമെതിരെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിമര്‍ശനങ്ങളുയര്‍ത്തി. എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനായിരുന്നു മുഖ്യമന്ത്രിയെ കാരാട്ട് വിമര്‍ശിച്ചത്. എന്നാല്‍, പി ഡി പിയുടെ സ്വഭാവം സംബന്ധിച്ച് വാര്‍ത്തകള്‍ വന്ന സാഹചര്യത്തില്‍ പി ഡി പി ബന്ധം പുനപരിശോധിക്കതെയിരുന്നതിനാണ് പിണറായിക്ക് കാരട്ടിന്‍റെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്. ഘടക കക്ഷികളെ മുന്നണിയില്‍ നിന്ന് അകറ്റിയ സി പി എം സംസ്ഥാന നേതൃത്വത്തിന്‍റെ നടപടികളെയും കാരാട്ട് തന്‍റെ പ്രസംഗത്തില്‍ വിമര്‍ശിച്ചു.