സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ മരണം; മകളുടെ കാമുകന്‍ അറസ്റ്റില്‍

വെള്ളി, 30 നവം‌ബര്‍ 2012 (15:37 IST)
PRO
PRO
സി.പി.എം.ബ്രാഞ്ച് സെക്രട്ടറി എ എസ് ഗോപിയുടെ (ശോഭി- 52) മരണവുമായി ബന്ധപ്പെട്ട് ഡിവൈ എഫ് ഐ പ്രവര്‍ത്തകനും മകളുടെ കാമുകനുമായ സാബു, സഹായി മനോജ് എന്നിവര്‍ പൊലീസ് അറസ്റ്റില്‍. ഒരു വര്‍ഷം മുമ്പാണ് ആര്യനാട് പാലൈക്കോണം ഷിജി ഭവനില്‍ ഗോപിയെ (52) കോട്ടയ്ക്കകം കാവല്‍പ്പുരമുക്കില്‍ കരമനയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യനാട് പാലൈക്കോണം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഗോപി (ശോഭി) യെ 2011 നവംബര്‍ എട്ടു മുതല്‍ കാണാതായി. രണ്ട് ദിവസം കഴിഞ്ഞ് കരമനയാറ്റില്‍ ചീഞ്ഞളിഞ്ഞ നിലയില്‍ മൃതദേഹം കാണപ്പെട്ടു. ഗോപിയെ കൊലപ്പെടുത്തിയാണെന്നു ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ആക്‌ഷന്‍ കൗണ്‍സിലിനു രൂപം നല്‍കി. എന്നാല്‍ ഗോപിയുടെ വീട്ടുകാര്‍ നിസ്സഹകരിച്ചതുമൂലം അന്വേഷണം പുരോഗമിച്ചില്ല.

സംഭവദിവസമായ 2011 നവംബര്‍ എട്ടിന് രാത്രിയില്‍ ഗോപി (ശോഭി) യും പ്രതിയായ സാബുവും മരണസ്ഥലത്തിനടുത്ത് ഉണ്ടായിരുന്നതായി മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതാണ് വഴിത്തിരിവായത്. സംഭവദിവസം സുഹൃത്തിന്റെ കാര്‍ മനോജിനെ ഉപയോഗിച്ച് സാബു സ്ഥലത്തെത്തിച്ചതായി പൊലീസ് കണ്ടെത്തി. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ സാബു കുറ്റം സമ്മതിച്ചു. ഒരുമിച്ചു നടത്തിയ സ്ഥലകച്ചവടത്തിന്റെ കമ്മീഷന്‍ നല്‍കാമെന്നു വിശ്വസിപ്പിച്ചു ഗോപിയെ സാബു വിളിച്ചുവരുത്തി, ഇതിനുശേഷം കരമനയാറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു.

കാമുകിയുടെ വിവാഹം നടത്താന്‍ അവളുടെ അച്ഛനായ ഗോപി ധൃതി കാട്ടിയതാണ് കൊലയ്ക്ക് കാരണമായത്. അറസ്റ്റിലായ സാബുവും ഗോപിയുടെ മകളും ജോലിസ്ഥലത്തു വെച്ചാണ് പ്രണയത്തിലായത്. സാബു ഭാര്യയുടെ പേരിലെടുത്ത മൊബൈല്‍ കണക്ഷന്‍ ഉപയോഗിച്ചിരുന്നത് ഗോപിയുടെ മകളായിരുന്നു. സംഭവത്തെക്കുറിച്ച് മകള്‍ക്ക് അറിയാമായിരുന്നുവെന്ന് സൂചനയുണ്ട്. മകളുടെ പ്രണയവിവരം അറിയാവുന്നതുകൊണ്ട് എത്രയും വേഗം വിവാഹം നടത്താനായിരുന്നു ഗോപിയുടെ തീരുമാനം. ഇതാണ് ഒടുവില്‍ കൊലപാതത്തില്‍ കലാശിച്ചത്.


വെബ്ദുനിയ വായിക്കുക