സിപിഎമ്മില്‍ വിഎസും ഇടതുമുന്നണിയില്‍ സിപിഐയും ഉണ്ടാകില്ലെന്ന് ഹസ്സന്‍

തിങ്കള്‍, 25 മെയ് 2015 (15:27 IST)
അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ഇടതുമുന്നണിയില്‍ സി പി ഐയും വി എസ് അച്യുതാനന്ദന്‍ സി പി എമ്മിലും ഉണ്ടാവില്ലെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് എം എം ഹസന്‍. യു ഡി എഫ് മധ്യമേഖലാ ജാഥാ പര്യടനത്തിനിടെ തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസന്‍. ജാഥാ ക്യാപ്റ്റനാണ് ഹസ്സന്‍.
 
സി പി ഐ ഇടതുമുന്നണിയില്‍ തുടരുന്നത് പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസവുമായാണ്. മലബാര്‍ സിമന്‍റ്സുമായി ബന്ധപ്പെട്ട് എളമരം കരിമിനെതിരെ ഉയര്‍ന്ന ആക്ഷേപത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹസന്‍ പറഞ്ഞു.
 
പാര്‍ട്ടിയിലെ അഴിമതിക്കും അക്രമത്തിനുമെതിരായ വി എസ് അച്യുതാനന്ദന്റെ നിലപാടുകള്‍ വിഭാഗീയതയെന്നു പറഞ്ഞ് സി പി എം തള്ളുകയാണ്. ഈ സാഹചര്യത്തില്‍ അധികകാലം അദ്ദേഹത്തിന് സി പി എമ്മില്‍ തുടരാനാവില്ലെന്നും ഹസ്സന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക