സിപിഎമ്മിനെ ജനങ്ങള്‍ക്കറിയാം: കോടിയേരി

ചൊവ്വ, 29 മെയ് 2012 (18:29 IST)
PRO
PRO
കാലുമാറ്റക്കാരന്‍ ശെല്‍വരാജിന്‌ വോട്ടുപിടിക്കാന്‍ എത്തിയ എ കെ ആന്റണിയുടെ ആദര്‍ശ മുഖംമൂടി അഴിഞ്ഞ്‌ വീണെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍. കോണ്‍ഗ്രസുകാര്‍ മന:സാക്ഷി വോട്ട്‌ ചെയ്‌താല്‍ മതിയെന്നതാണ്‌ ആന്റണിയുടെ ശരീരഭാഷ വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജനെ വെടിവെച്ച്‌ കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെ സുധാകരനെ വഴിവിട്ട്‌ സഹായിച്ച വ്യക്തിയാണ്‌ ആന്റണി. ചീമേനിയില്‍ അഞ്ച്‌ സി പി എം പ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ ആന്റണി കോണ്‍ഗ്രസ്‌ നേതാവായിരുന്നു. മാറാട്‌ കലാപം നടന്നതും ആന്റണിയുടെ കാലത്താണ്‌. സി പി എം അക്രമ രാഷ്ട്രീയം നടത്തുന്നെന്ന ആന്റണിയുടെ പരാമര്‍ശം ജനങ്ങള്‍ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. സി പി എമ്മിനെ ജനങ്ങള്‍ക്ക്‌ നന്നായറിയാമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സ്വന്തം മണ്ഡലത്തില്‍ പ്രഖ്യാപിച്ച വികസന പ്രവര്‍ത്തനങ്ങള്‍ പോലും നടപ്പിലാക്കാന്‍ കഴിയാതെയാണ്‌ ആന്റണി വികസനത്തെക്കുറിച്ച്‌ പറയുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. എല്‍ ഡി എഫും ബി ജെ പിയും തമ്മില്‍ ധാരണയുണ്ടെന്ന യു ഡി എഫിന്റെ ആരോപണം പരാജയഭീതിയില്‍ നിന്നും ഉണ്ടായതാണെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക