സിദ്ദിക്കിനെയും ചോദ്യം ചെയ്യുമെന്ന് സൂചന, കൂടുതല്‍ അറസ്റ്റിന് സാധ്യത; നടി ആക്രമിക്കപ്പെട്ട കേസ് ക്ലൈമാക്സിലേക്ക്
ശനി, 29 ജൂലൈ 2017 (16:30 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ സിദ്ദിക്കിനെയും അന്വേഷണസംഘം ചോദ്യം ചെയ്യുമെന്ന് സൂചന. സിദ്ദിക്കിനെ കൂടാതെ മുകേഷ്, കാവ്യ, കാവ്യയുടെ അമ്മ ശ്യാമള, റിമി ടോമി എന്നിവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. കേസ് അതിന്‍റെ ക്ലൈമാക്സിലേക്ക് കടക്കുകയാണെന്ന സൂചന നല്‍കിയാണ് പൊലീസ് തിരക്കിട്ട് ചോദ്യം ചെയ്യല്‍ നടത്തുന്നത്. ശനിയാഴ്ച ഇടവേള ബാബുവിനെ ചോദ്യം ചെയ്തിരുന്നു.
കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെ ചോദ്യം ചെയ്‌തത്. ഇത് സിനിമാ ലോകത്ത് ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ദിലീപുമായി സിദ്ദിക്കിന് എന്തെങ്കിലും ബിസിനസ് ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. മാത്രമല്ല, ദിലീപിനെ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തപ്പോള്‍ കൂട്ടിക്കൊണ്ടുപോകാനായി എത്തിയത് സിദ്ദിക്കാണെന്നതും പൊലീസിന്‍റെ സംശയത്തിന് കാരണമായിട്ടുണ്ട്.
വിദേശത്ത് അമ്മ സംഘടിപ്പിച്ച ഒരു സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ വാക്കുതര്‍ക്കം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നുമാണ് ഈ വാര്‍ത്ത പുറത്തുവന്നത്. ഇതില്‍ വ്യക്തത വരുത്തുന്നതിനായാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്തത്.
സ്‌റ്റേജ് ഷോയ്ക്കിടെ ദിലീപും നടിയും തമ്മില്‍ വഴക്ക് ഉണ്ടായതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുന്നതിനും തുടര്‍ന്ന് സൌഹൃദം തകരാനും കാരണമായത്. രൂക്ഷമായ വാക്കുതര്‍ക്കമാണ് ഇരുവരും തമ്മില്‍ നടന്നത്. നടി ആക്രമിക്കപ്പെട്ടതിന് ഈ സംഭവമുമായി ബന്ധമുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. അമ്മയുടെ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ ഇടവേള ബാബുവിന് ഈ വിഷയങ്ങളെക്കുറിച്ച് അറിവുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതിന്റെ ഭാഗമായിട്ടാണ് ആലുവ പൊലീസ് ക്ലബ്ബില്‍ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തത്.
ചലച്ചിത്ര നിര്‍മാണ മേഖലയിലെ ദിലീപിന്റെ ഇടപെടലുകളെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചും അറിയുക കൂടിയാണ് ഇടവേള ബാബുവിനെ ചോദ്യം ചെയ്‌തതിലൂടെ പൊലീസ് ഉദ്ദേശിക്കുന്നത്. അമ്മയുടെ പ്രവര്‍ത്തനങ്ങളിലെ ദിലീപിന്റെ ഇടപെടലുകളും, സിനിമാ സെറ്റുകളില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച പള്‍സര്‍ സുനി എത്തിയിരുന്നോ, പരിചയമുണ്ടോ എന്നും അദ്ദേഹത്തോട് പൊലീസ് ചോദിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
താരഷോയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചതെന്ന് ഇടവേള ബാബു പറയുമ്പോഴും കേസില്‍ നിര്‍ണായകമാകുന്ന ചില രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.