സിഎംഎസ് കോളജിന് സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി

വെള്ളി, 18 ജൂണ്‍ 2010 (15:42 IST)
PRO
കോട്ടയം സി എം എസ് കോളജിന് പൊലീസ് സംരക്ഷണം നല്കണമെന്ന് ഹൈക്കോടതി ഉത്തരവ്. കോളജ് പ്രിന്‍സിപ്പളുടെ ഹര്‍ജി ഇന്ന് ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കോളജിനും ജീവനക്കാര്‍ക്കും സ്വത്തിനും പത്തു ദിവസത്തേക്ക് പൊലീസ് സംരക്ഷണം നല്കണം. അഡ്വക്കേറ്റ്‌ ജനറലിനെ വിളിച്ചുവരുത്തിയ കോടതി സംഭവത്തിന്‍റെ ഗൗരവം മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.

കോളജില്‍ എസ് എഫ് ഐ നടത്തിയ അക്രമം അപലപനീയമാണെന്ന്‌ കോടതി വാക്കാല്‍ പരാമര്‍ശിച്ചു. കോളജിന്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ പ്രിന്‍സിപ്പല്‍ സമര്‍പ്പിച്ച ഹര്‍ജി ഈ മാസം 24ന്‌ വീണ്ടും പരിഗണിക്കും. അതിരൂക്ഷമായ വിമര്‍ശനമാണ്‌ ഹര്‍ജിയിന്‍മേലുള്ള വാദത്തിനിടെ കോടതി നടത്തിയത്‌. കേരളത്തിലെ ക്യാംപസുകളില്‍ ഇപ്പോഴും അക്രമസംഭവങ്ങളുണ്ടാകുന്നത്‌ ആശ്ചര്യജനകമാണ്. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, ജസ്റ്റിസ്‌ കെ ടി തോമസ്‌ തുടങ്ങിയ പ്രമുഖര്‍ പഠിച്ച കോളജില്‍ നടന്ന അക്രമങ്ങള്‍ അസഹ്യമാണെന്നും കോടതി നിരീക്ഷിച്ചു‌.

കോളജില്‍ കഴിഞ്ഞദിവസം നടന്ന അക്രമ സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താനാണ്‌ എജിയെ നേരിട്ടു വിളിപ്പിച്ചതെന്നു കോടതി പറഞ്ഞു. എസ് എഫ് ഐ നേതാക്കള്‍ക്ക്‌ അണികളെ നിയന്ത്രിക്കായില്ലെന്നും അതാണ്‌ അക്രമത്തിന്‌ കാരണമെന്നും പറഞ്ഞ എ ജി സംഭവത്തില്‍ 43 പേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും എജി അറിയിച്ചു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന അക്രമമാണ്‌ നടന്നിരിക്കുന്നതെന്ന്‌ ടെലിവിഷന്‍ ദൃശ്യങ്ങളില്‍നിന്ന്‌ ബോധ്യപ്പെട്ടതായി കോടതി പറഞ്ഞു. നേരത്തേ തന്നെ പൊലീസ്‌ സംരക്ഷണമുള്ള കോളജില്‍ ആക്രമണം നടത്താന്‍ എങ്ങനെയാണ്‌ ധൈര്യം വന്നതെന്നും ചോദിച്ചു.

വെബ്ദുനിയ വായിക്കുക