സഹോദരങ്ങളെ അര്‍ദ്ധരാത്രിയില്‍ ആക്രമിച്ചു; തലയ്ക്കടിയേറ്റ് മൂത്തയാള്‍ മരിച്ചു

ബുധന്‍, 13 മെയ് 2015 (13:20 IST)
കാസര്‍കോഡ് ജില്ലയിലെ ദുമയില്‍ തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി ഒന്നരയോടെ ആയിരുന്നു സംഭവം. പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷാഹുല്‍ ഹമീദാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരന്‍ ബാദുഷ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
 
ഷാഹുല്‍ ഹമീദും ബാദുഷയും രാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ആയിരുന്നു സംഭവം. ഇരുവരും മരണവീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. അതേസമയം, ആളുമാറി ആക്രമിച്ചതാണെന്നാണ് പൊലീസ് പറയുന്നത്. പാലക്കുന്ന് കണ്ണംകുളം ഗ്രീന്‍വുഡ് സ്‌കൂളിനുസമീപം നടുറോഡിലാണ് അക്രമം നടന്നത്. 
 
കൊലപാതകത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഷാഹുല്‍ ഹമീദിന്റെ അടുത്ത ബന്ധു,  പി എം അബ്ദുള്ള ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അവരുടെ വീട്ടിലേക്ക് രാത്രിയില്‍ പോകുമ്പോള്‍ ഗ്രീന്‍വുഡ് സ്‌കൂളിന് മുമ്പിലെ റോഡില്‍ ഒരുസംഘം ആളുകള്‍ ഷാഹുല്‍ ഹമീദും ബാദുഷയും സഞ്ചരിച്ചിരുന്ന മോട്ടോര്‍ബൈക്ക് തടയുകയും ഇരുവരെയു അടിച്ചു വീഴ്ത്തുകയായിരുന്നു.
 
പരുക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ച ശേഷം മംഗലാപുരത്തേക്ക് മാറ്റിയെങ്കിലും ഷാഹുല്‍ ഹമീദ് ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ മരിക്കുകയായിരുന്നു. രാവണീശ്വരം മുക്കൂട് കുന്നോത്ത് കാവിലെ അബൂബക്കറിന്റെയും ദൈനബിയുടെയും മകനാണ് ഷാഹുല്‍ ഹമീദ്. 

വെബ്ദുനിയ വായിക്കുക