സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ് സിബിഐ അന്വേഷിക്കണം
ബുധന്‍, 23 ഒക്‌ടോബര്‍ 2013 (19:07 IST)
PRO
സലിം രാജ് ഉള്‍പ്പെട്ട ഭൂമിയിടപാട് കേസ് സിബിഐ അന്വേഷിക്കനമെന്ന് ഹൈക്കോടതി. വസ്തു തട്ടിപ്പ് കേസിലെ ഇതുവരെയുള്ള വിവാദങ്ങള്‍ വിലയിരുത്തുമ്പോള്‍ സലിംരാജ് വെറുമൊരു ഗണ്‍മാനല്ല, അധികാരകേന്ദ്രമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം.
അതുകൊണ്ട് തന്നെ ഈ കേസ് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നതില്‍ നല്ലത് സിബിഐ അന്വേഷിക്കുന്നതാണ് അഭികാമ്യമെന്നും കോടതി വിലയിരുത്തി. സലീംരാജ് തിരുവനന്തപുരത്തും കൊച്ചിയിലുമുള്ള സമാനമായ കേസുകളില്‍ എങ്ങനെ ഉള്‍പ്പെട്ടുവെന്നും ഈ കേസുകള്‍ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
ഒരുമാസത്തിനകം സിബിഐ അന്വേഷണപുരോഗതി കോടതിയെ അറിയിക്കണം. കൂടാതെ അന്വേഷണസമയത്ത് ഏതെങ്കിലും രാഷ്ട്രീയക്കാരോ സര്‍ക്കാരിന്റെ ഉന്നതഉദ്യോഗസ്ഥരോ ഇടപെട്ടാല്‍ കര്‍ശനശിക്ഷ നല്‍കുമെന്നും കോടതി പറഞ്ഞു. കേസ് പഠിച്ച ശേഷം നിലപാട് അറിയിക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ അതിന് തയാറാണെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം വേണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ നിലപാട്. സലിം രാജുള്‍പ്പെട്ട വസ്തു തട്ടിപ്പ് കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പത്തടിപ്പാലം സ്വദേശി ആരിഫയും കടകംപിള്ളി സ്വദേശി പ്രേംചന്ദ് ആര്‍ നായരും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് ഇക്കാര്യം ചോദിച്ചത്.