സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ജി സുകുമാരന്‍ നായര്‍
വ്യാഴം, 23 മെയ് 2013 (16:52 IST)
PRO
PRO
ആഭ്യന്തരവകുപ്പിന്റെ അറിവോടെ സര്‍ക്കാര്‍ തന്റെ ഫോണ്‍ ചോര്‍ത്തുന്നു എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ ചോര്‍ത്തുന്ന കാര്യം വെളിപ്പെടുത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്‍ എസ് എസിന്റെ നിലപാടുകള്‍ അറിയുന്നതിനാണ് ഫോണ്‍ ചോര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിന് മറച്ച് വെയ്ക്കാന്‍ ഒന്നുമില്ലാത്തതിനാല്‍ ഫോണ്‍ ചോര്‍ത്തലിനെ ഭയക്കുന്നില്ല. എന്നാല്‍ ഫോണ്‍ ചോര്‍ത്തിയ നടപടി നിയമനിഷേധവും ഹീനവും നിന്ദ്യവുമാണെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. നിയമപരിരക്ഷയില്ലാതെ ഫോണ്‍ചോര്‍ത്തിയ സര്‍ക്കാറിന്റെ നടപടിയെ അതീവഗൗരമായി കാണുന്നു.ആഭ്യന്തരമന്ത്രിയോട് വിഷയം ധരിപ്പിച്ചിട്ടും വേണ്ടത്ര ഗൗരവത്തിലെടുക്കാതെ ഉഴപ്പികളയുകയാണ് ചെയ്ത്. മാധ്യമം വാര്‍ത്ത പുറത്തുവന്നപ്പോള്‍ ഇനിയും ആരുടെ പേരിലും ഫോണ്‍ചോര്‍ത്തലുകള്‍ ഉണ്ടാവരുതെന്ന് കരുതിയാണ് വിശ്വസനീയകേന്ദ്രങ്ങളില്‍നിന്ന് ലഭിച്ചവിവരം ഇപ്പോള്‍ തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
താനുള്‍പ്പടെയുള്ള സമുദായ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതു മുന്‍പും ഉണ്ടായിട്ടുണ്ടെന്നും സമുദായ നേതാക്കളെ കുറ്റവാളികളെ പോലെ കാണുന്നതു തെറ്റായ പ്രവണതയാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സമാധാനം പറയണമെന്നും സംഭവത്തില്‍ ആഭ്യന്തരമന്ത്രി നടപടിയൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഈ പ്രശ്നത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന നടപടിക്കനുസരിച്ചായിരിക്കും എന്‍ എസ് എസിന്റെ തുടര്‍നടപടികളെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.