എ പി അബ്ദുള്ളക്കുട്ടി എംഎല്‍എ പീഡിപ്പിച്ചെന്ന കേസില്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ മൊഴി കോടതി രേഖപ്പെടുത്തി. ക്രിമിനല്‍ നടപടി ചട്ടം 164 അനുസരിച്ച് അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. ജീവനക്കാരെയും സരിതയുടെ വക്കീല്‍ ഫെനി ബാലകൃഷ്ണന്‍ അടക്കമുള്ളവരെയും പുറത്താക്കിയാണ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 2 മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് കൈമാറുമെന്നാണ് സൂചന. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയായിരിക്കും തുടര്‍നടപടികള്‍ നിശ്ചയിക്കുക.
മൊഴി രേഖപ്പെടുത്തല്‍ മാത്രമാണ് ഈ കോടതിയില്‍ നടന്നതെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. കേസ് മറ്റൊരു കോടതിയായിരിക്കും കേള്‍ക്കുക. ആ കോടതിയില്‍ മാത്രമേ തെളിവുകള്‍ ഹാജരാക്കുകയുള്ളൂ. 164 സ്റ്റേറ്റ്മെന്‍റ് ആയതിനാല്‍ വിശദാംശങ്ങള്‍ മാധ്യമങ്ങളോട് പങ്കുവയ്ക്കാനാവില്ല. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അതൊക്കെ തന്‍റെ വ്യക്തിപരമായ കാര്യമാണെന്ന് സരിത പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് അഞ്ച് പേജുള്ള പരാതി സരിത നല്‍കിയത്. ഈ പരാതി കേരള രാഷ്ട്രീയത്തില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. ഏഴ് തവണ പലകാരണങ്ങള്‍ പറഞ്ഞ് മൊഴിനല്‍കല്‍ മാറ്റിവച്ചശേഷമാണ് സരിത തിരുവനന്തപുരം ഒന്നാം നമ്പര്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരായത്. കഴിഞ്ഞ തവണ കോടതി സരിതയ്ക്ക് അന്ത്യശാസനം നല്‍കിയിരുന്നു. ഇനിയും മൊഴി നല്‍കാനെത്തിയില്ലെങ്കില്‍ പരാതി റദ്ദാക്കുമെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം.