സമൃദ്ധകേരളത്തിനായി ചെന്നിത്തല ഇന്ന് യാത്ര തുടങ്ങുന്നു

വ്യാഴം, 18 ഏപ്രില്‍ 2013 (10:03 IST)
PRO
'സമൃദ്ധകേരളം സുരക്ഷിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ കേരളയാത്ര വ്യാഴാഴ്ച വൈകിട്ട്‌ കാസര്‍കോട്ട് ആരംഭിക്കും. മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. ജാഥയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. രമേശ്‌ ചെന്നിത്തലയ്ക്ക്‌ കോണ്‍ഗ്രസ്‌ പതാക കൈമാറിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക.

എല്ലാ വിഭാഗം ജനങ്ങളെയും നേരില്‍ കാണുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയും ചെയ്യുക എന്നതാണ് ചെന്നിത്തലയുടെ യാത്രയുടെ പ്രധാന ലക്‍ഷ്യം. 140 നിയോജക മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും. മേയ്‌ 18ന് തിരുവനന്തപുരത്ത്‌ യാത്ര സമാപിക്കും.

രമേശ് ചെന്നിത്തലയുടെ അഞ്ചാമത്തെ കേരളയാത്രയാണിത്. 1982ല്‍ കെ എസ് യു അധ്യക്ഷനായിരിക്കുമ്പോഴാണ് ആദ്യ യാത്ര നടത്തിയത്. പിന്നീട് 87ല്‍ യാത്ര നടത്തി. അതിന് ശേഷം 2005ല്‍ ചൈതന്യയാത്രയും 2009ല്‍ കേരള രക്ഷായാത്രയും നടത്തി. കെ പി സി സി അധ്യക്ഷ പദവിയില്‍ ഇരുന്നതിന് ശേഷം ചെന്നിത്തലയുടെ മൂന്നാം കേരളയാത്രയാണ് വ്യാഴാഴ്ച തുടങ്ങുന്നത്.

മേയ് 18ന് ഈ യാത്ര അവസാനിക്കുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ സംഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശം ഈ യാത്രയ്ക്ക് ശേഷം ഉണ്ടാകുമെന്ന് ചിലര്‍ വിലയിരുത്തുന്നു. ചെന്നിത്തല കെ പി സി സി നേതൃത്വം ഒഴിയണമെന്ന് പി സി ചാക്കോ ഉള്‍പ്പടെയുള്ളവര്‍ ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതേസമയം, മുഖ്യമന്ത്ര് സ്ഥാനത്തുനിന്ന് ഉമ്മന്‍‌ചാണ്ടിയെ മാറ്റുന്നതുള്‍പ്പടെയുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്.

എന്തായാലും ചെന്നിത്തലയുടെ കേരളയാത്രയ്ക്കൊടുവില്‍ ഒരു ഭൂമികുലുക്കം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടാകും എന്നത് ഉറപ്പാണ്.

വെബ്ദുനിയ വായിക്കുക